തിരുവനന്തപുരം: സ്വകാര്യ ഓണ്‍ലൈന്‍ റേഡിയോകളെ പിന്നിലാക്കി കുടുംബശ്രീയുടെ റേഡിയോശ്രീക്ക് മുന്നേറ്റം. 6 മാസത്തിനിടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും 4 ലക്ഷത്തിലധികം പേരാണ് റേഡിയോശ്രീ ഡൗണ്‍ലോഡ് ചെയ്‌തത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന ബാക്ക് ടു സ്‌കൂള്‍ പദ്ധതി പ്രകാരം തിരികെ സ്‌കൂളിലേക്ക് എത്തിയവരുടെ അനുഭവങ്ങളുടെ സംപ്രേഷണം ആരംഭിച്ചതോടെയാണ് ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചത് (Radio Shree).
മറ്റ് സ്വകാര്യ റേഡിയോകളെ ഏറെ പിന്നിലാക്കിയാണ് ചുരുങ്ങിയ സമയത്തില്‍ ഇത്രയധികം ഡൗണ്‍ലോഡുകളെന്നതാണ് ഏറെ ശ്രദ്ധേയം. 176 രാജ്യങ്ങളില്‍ നിന്നും 4,16000 പേരാണ് റേഡിയോശ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തിട്ടുള്ളത്. റേഡിയോശ്രീ ആപ്പിന്‍റെ സെര്‍വര്‍ വിവരങ്ങള്‍ പ്രകാരം മലയാളികള്‍ കൂടുതലുള്ള ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ഡൗണ്‍ലോഡുകള്‍.
ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധനവുണ്ടായതോടെ റേഡിയോയിലെ പരിപാടികളിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി 24 മണിക്കൂര്‍ സംപ്രേഷണത്തില്‍ 15 മണിക്കൂര്‍ പരിപാടികള്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍. അവധി ദിനമായ ഞായറാഴ്‌ചകളില്‍ സ്പെഷ്യല്‍ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട് (Radio Shree Download).
റേഡിയോശ്രീയുടെ തുടക്കം മെയ് 17 മുതല്‍:കുടുംബശ്രീ ദിനമായ മേയ് 17ന് തന്നെയായിരുന്നു കുടുംബശ്രീയുടെ റേഡിയോശ്രീയുടെ സംപ്രേഷണവും ആരംഭിച്ചത്. കുറഞ്ഞ കാലയളവിനുള്ള ഇത്രയധികം ഉപഭോക്താക്കളുള്ള ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ റേഡിയോയാണ് റേഡിയോശ്രീ. ഡിസംബര്‍ അവസാനത്തോടെ കുടുംബശ്രീ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പരിപാടികള്‍ സംപ്രേഷണം ചെയ്യാനുള്ള ശ്രമങ്ങളും തുടരുകയാണെന്ന് റേഡിയോശ്രീയുടെ നടത്തിപ്പിന്‍റെ ചുമതലയുള്ള കൊച്ചിയിലെ സൗണ്ട് പാര്‍ക്ക് അക്കാദമി ഡയറക്‌ടര്‍ ശ്രീജ ഇടിവി ഭാരതിനോട് പറഞ്ഞു (Online Radio Of Kudumbashree).