തിരുവനന്തപുരം:കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്പെന്‍ഡ് ചെയ്‌ത ഗവര്‍ണറുടെ നടപടി റദ്ദാക്കിയുള്ള ഹൈക്കോടതിയുടെ വിധിയെ സ്വഗതം ചെയ്യുന്നുവെന്ന് കെടിയു സിന്‍ഡിക്കേറ്റ്. നിയമ നിർമാണ സഭകൾക്കും അവ നിർമിക്കുന്ന നിയമങ്ങൾക്കും മുകളിലല്ല തങ്ങളെന്ന് ഭരണ കർത്താക്കളെ ഓർമിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്ന് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്. കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ഈ വിധി സര്‍വകലാശാല നിയമങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി.
ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുവാനായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനാവശ്യമായി കൈ കടത്തുന്ന സംഘ്‌പരിവാര്‍ സംഘടനകള്‍ക്കുള്ള വന്‍ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും സിന്‍ഡിക്കേറ്റ് പറഞ്ഞു. കെടിയുവില്‍ (കേരള സാങ്കേതിക സര്‍വകലാശാല) താത്‌കാലിക വിസിയായി സിസ തോമസിനെ നിയമിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് തീരുമാനങ്ങളെ സസ്‌പെന്‍ഡ് ചെയ്‌ത ഗവര്‍ണറുടെ നടപടിയും ഹൈക്കോടതി റദ്ദാക്കിയത്.
സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ മറികടക്കാന്‍ യുഡിഎഫ് ബിജെപി കടലാസ് സംഘടനകളുടെ വക്കാലത്തുമായി നടക്കുകയാണ് ചില കേന്ദ്രങ്ങളെന്നും സിന്‍ഡിക്കേറ്റിന്‍റെ തീരുമാനങ്ങള്‍ ചാന്‍സലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നിയമ വിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്‌ത നടപടി തിരുത്തുവാനായി സിന്‍ഡിക്കേറ്റിന് ഹൈക്കോടതിയെ സമീപിക്കേണ്ടതായി വന്നുവെന്നും സിന്‍ഡിക്കേറ്റ് പറഞ്ഞു. കേരള സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ സിസ തോമസിനെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റും ഗവേണിങ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് ഗവര്‍ണര്‍ റദ്ദാക്കിയത്.