തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കൈമാറിയതായി അദ്ദേഹം അറിയിച്ചു. ബന്ധു നിയമനക്കേസ് സംബന്ധിച്ച ലോകായുക്ത ഉത്തരവിനെതിരെയുള്ള മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. നിയമസഭയില്‍ തവനൂര്‍ മണ്ഡലത്തെയാണ് കെ.ടി ജലീല്‍ പ്രതിനിധീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയാണ് ജലീലിന് ഉണ്ടായിരുന്നത്.
രാജിക്കത്ത് കൈമാറിയതിന് പിന്നാലെ രാജി വയ്ക്കാനുണ്ടായ കാരണം കാണിച്ചുക്കൊണ്ട് കെ.ടി ജലീല്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. ഏറെ വൈകാരികമായിട്ടാണ് രാജിവച്ച വിവരം മന്ത്രി അറിയിച്ചത്. എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽകാലം ആശ്വസിക്കാമെന്ന് കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. കൊല്ലാം... പക്ഷേ തോല്പിക്കാനാവില്ല. ലവലേശം തെറ്റ് ചെയ്തിട്ടില്ല എന്ന് ഉത്തമബോധ്യമുണ്ടെന്നും ജലീൽ പ്രതികരിച്ചു.
ബന്ധുവായ കെ.ടി അദീബിനെ നിയമ വിരുദ്ധമായി മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചുവെന്നാണ് കെ.ടി ജലീലിനെതിരെ ഉയര്‍ന്നുവന്ന ആരോപണം. കെ.ടി അദീബിന്‍റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച രേഖകളും പുറത്തു വന്നു.
മന്ത്രിയായി ചുമതലയേറ്റ് ഏതാണ്ട് രണ്ട് മാസമായപ്പോഴാണ് ഇത്തരത്തില്‍ കത്ത് നല്‍കിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 29-6-2013 ല്‍ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവില്‍ മറ്റം വരുത്തണണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 26-7-2016 ല്‍ ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നല്‍കിയത്.
ലോകായുക്തയ്ക്ക് മുന്നില്‍ ഈ കത്ത് കൃത്യമായ തെളിവായി എത്തിയതാണ് മന്ത്രി കെ.ടി ജലീല്‍ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബോധ്യപ്പെടാനുണ്ടായ കാര്യം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലോകായുക്ത ആക്ട് സെക്ഷന്‍ 14 പ്രകാരം മന്ത്രി കെ.ടി ജലീലിനെ നീക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നല്‍കുന്നത്.
ഉത്തരവിന്‍റെ സാധ്യത ചോദ്യം ചെയ്ത് ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ ലോകായുക്ത ഉത്തരവിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചുക്കൊണ്ടിരിക്കുന്നതിനിടെയിലാണ് മന്ത്രി രാജി വയ്ക്കുന്നത്.
യൂത്ത് ലീഗ് പ്രവര്‍ത്തകനായാണ് ജലീല്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്തായി. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് എൽ ഡി എഫ് പിന്തുണയോടെ മത്സരത്തെ നേരിട്ട ജലീൽ അട്ടിമറി വിജയം നേടി. തുടര്‍ന്ന് 2016ല്‍ തവനൂരില്‍ നിന്നും വീണ്ടും നിയമസഭയിലേയ്ക്ക് എത്തുകയായിരുന്നു.