തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയായി മാറുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് ജലീലിന്‍റെ ബന്ധുവിനെ നിയമിച്ച സംഭവവുമായി ബന്ധപ്പെട്ട ലോകായുക്ത വിധിയാണ് ജലീലിന് കുരുക്കായത്. പൊതു മേഖല സ്ഥാപനമായ കേരള ഇൻഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡില്‍ ബന്ധുവായ സുധീര്‍ നമ്പ്യാറെ എം.ഡിയായി നിയമിച്ചതു സംബന്ധിച്ചുയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് വ്യവസായ മന്ത്രിയായിരിക്കെ ഇ.പി. ജയരാജനാണ് മന്ത്രിസഭയില്‍ നിന്ന് ആദ്യം രാജിവച്ചു പുറത്തു പോയത്. മന്ത്രിസഭ ആറുമാസം കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് 2016 ഒക്ടോബര്‍ 14നായിരുന്നു ജയരാജന്‍റെ രാജി. എന്നാല്‍ ആരോപണം അന്വേഷിച്ച വിജിലന്‍സ് ഇ.പി.ജയരാജനെ കുറ്റ മുക്തനാക്കിയതിനെ തുടര്‍ന്ന് 2018 ആഗസ്റ്റ് 14ന് ഇ.പി. ജയരാജന്‍ പിണറായി മന്ത്രിസഭയില്‍ മടങ്ങിയെത്തി.
പിണറായി സർക്കാരിന്‍റെ അഞ്ച് വർഷം, രാജിയില്‍ അഞ്ചാമനായി കെടി ജലീല്‍
പിണറായി സർക്കാർ അധികാരമേറ്റതു മുതല്‍ വിവാദങ്ങൾ വിടാതെ പിന്തുടർന്ന മന്ത്രി കെടി ജലീല്‍ ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് രാജിവെക്കുന്നത്. നേരത്തെ ഇപി ജയരാജൻ, എകെ ശശീന്ദ്രൻ, തോമസ് ചാണ്ടി, മാത്യു ടി തോമസ് എന്നിവർ രാജിവച്ചിരുന്നു. ഇതില്‍ ഇപി ജയരാജനും എകെ ശശീന്ദ്രനും മന്ത്രിസഭയില്‍ പിന്നീട് തിരിച്ചെത്തി.
ഫോണ്‍ കെണി വിവാദത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത മന്ത്രിയായിരുന്ന 2017 മാര്‍ച്ച് 26ന് എ.കെ.ശശീന്ദ്രന്റേതായിരുന്നു രണ്ടാം രാജി. സ്വകാര്യ ചാനല്‍ ഒരുക്കിയ ഹണി ട്രാപ്പില്‍ ശശീന്ദ്രന്‍ കുടുങ്ങുകയായിരുന്നു. ശശീന്ദ്രന്‍റെ ഫോണ്‍ സംഭാഷണം ചാനല്‍ പുറത്തു വിട്ട് മണിക്കൂറുകള്‍ക്കകം ശശീന്ദ്രന്‍ രാജി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച കേസില്‍ കോടതി കുറ്റ വിമുക്തനാക്കിയതിനെ തുടര്‍ന്ന് 2018 ഫെബ്രുവരി 1ന് ശശീന്ദ്രന്‍ പിണറായി മന്ത്രിസഭയില്‍ തിരിച്ചെത്തി. ശശീന്ദ്രന്‍റെ രാജിയെ തടുര്‍ന്ന് എന്‍.സി.പി പ്രതിനിധിയായി ഇടതു മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടി തന്‍റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ കായലോര റിസോര്‍ട്ട് കായല്‍ കയ്യേറിയതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2017 നവംബര്‍ 15ന് രാജിവച്ചു. വെറും 8 മാസം മാത്രമായിരുന്നു തോമസ് ചാണ്ടിക്ക് പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഇടം ലഭിച്ചത്.
ജനതാദള്‍ എസിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് 2018 നവംബര്‍ 26ന് ജലവിഭവമന്ത്രിയായിരുന്ന മാത്യു.ടി.തോമസ് രാജി നല്‍കി. ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ കെ. കൃഷ്ണന്‍കുട്ടിക്കു വേണ്ടി സ്ഥാനമൊഴിയണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു മാത്യു.ടി.തോമസിന്‍റെ രാജി. പകരം കെ. കൃഷ്ണന്‍കുട്ടി 2018 നവംബര്‍ 27ന് ജലവിഭവ മന്ത്രിയായി ചുമതലയേറ്റു. പിണറായി സർക്കാർ അധികാരമേറ്റതു മുതല്‍ വിവാദങ്ങൾ വിടാതെ പിന്തുടർന്ന മന്ത്രി കെടി ജലീല്‍ ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് രാജിവെക്കുന്നത്. ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനത്തു തുടരാന്‍ കെ.ടി. ജലീലിന് അവകാശമില്ലെന്ന് ലോകായുക്ത പ്രഖ്യാപിച്ചതോടെ ഒരു പിടിവള്ളിയുമില്ലാതെയാണ് കെ.ടി.ജലീലിന് പുറത്തു പോകേണ്ടി വന്നത്.