സാങ്കേതിക സര്‍വകലാശാല ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും ഇടപെട്ടു; ജലീലിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല - thiruvananthapuram latest news'
മാര്‍ക്ക് ദാന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദൂരൂഹം. മന്ത്രി ജലീലിന്‍റെ നടപടി സത്യപ്രതിജ്ഞാ ലംഘനം. വിഷയത്തില്‍ ഗവര്‍ണറുടെ അടിയന്തര ഇടപെടല്‍ വേണമെന്നും ചെന്നിത്തല.
![സാങ്കേതിക സര്‍വകലാശാല ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും ഇടപെട്ടു; ജലീലിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4833779-646-4833779-1571741187302.jpg)
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ടുവെന്ന പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് അക്കാദമിക് സമിതികളിലോ സിന്‍ഡിക്കേറ്റിലോ ചര്‍ച്ച ചെയ്യാതെ പരീക്ഷാ നടത്തിപ്പ് പരിഷ്‌കരിക്കുന്നതിന് ഒരു പരീക്ഷാ മാനേജിംഗ് കമ്മിറ്റിയെ നിയമിച്ചു കൊണ്ട് മന്ത്രി ഉത്തരവിറക്കി. ഇത് സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശത്തിലുള്ള കൈകടത്തലാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുള്ള ചുമതല ഈ കമ്മിറ്റിയെ ഏല്‍പ്പിച്ചതു വഴി ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിലെ രഹസ്യ സ്വഭാവം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇതുവഴി ചോദ്യ പേപ്പര്‍ ചോരാനുള്ള സാധ്യത കൂടുതലാണെന്നും ചെന്നിത്തല പറഞ്ഞു. ഇതു സംബന്ധിച്ച് മന്ത്രി പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പും അദ്ദേഹം പുറത്തു വിട്ടു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മൂന്നാമതും കത്ത് നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.