കേരളം

kerala

ETV Bharat / state

KSU | വ്യാജ സർട്ടിഫിക്കറ്റ് വിവാദം: സർക്കാർ മൗനം വെടിയണമെന്നാവശ്യപ്പെട്ട് ഇന്ന് കെഎസ്‌യു സെക്രട്ടേറിയറ്റ് മാർച്ച് - അൻസിൽ ജലീൽ കെഎസ്‌യു

കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അടിയന്തരമായി പിരിച്ച് വിടണമെന്നും ഗവർണറെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും കെഎസ്‌യു

അലോഷ്യസ് സേവ്യർ  Aloysius Xavier  കെഎസ്‌യു  KSU  കെഎസ്‌യു സെക്രട്ടറിയേറ്റ് മാർച്ച്  ആർഷോ  എസ്‌എഫ്‌ഐ  കെഎസ്‌യു നേതാവിനെതിരെ ആരോപണം  സിപിഎം  വിദ്യ  അൻസിൽ ജലീൽ കെഎസ്‌യു  KSU Secretariat March
കെഎസ്‌യു സെക്രട്ടറിയേറ്റ് മാർച്ച്

By

Published : Jun 21, 2023, 9:23 AM IST

തിരുവനന്തപുരം :ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയിൽ സർക്കാര്‍ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് 11.30 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. ആരോപണം നേരിടുന്നവരെ സംരക്ഷിക്കുന്ന നിലപാടുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി സാമാന്യവൽക്കരിക്കേണ്ട എന്നാണ് പറയുന്നത്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവം മാത്രമായി നോക്കി കാണാൻ സർക്കാർ വെമ്പൽ കൊള്ളുകയാണ്. വിദ്യാഭ്യാസ വകുപ്പ് സ്‌തംഭന അവസ്ഥയിലേക്ക് പോകുമ്പോഴും ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തമായ മറുപടി ഇല്ല.

ആർഷോയ്‌ക്കെതിരെയുണ്ടായ ആരോപണത്തിൽ എസ്‌എഫ്‌ഐ കേസ് കൊടുത്തപ്പോൾ പൊലീസ് അതിവേഗം അന്വേഷണം നടത്തി. എന്നാൽ വിദ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് വേഗമില്ല. പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. സിപിഎം പാർട്ടി പൊലീസ് സംരക്ഷണത്തിലാണ് വിദ്യയുള്ളത്.

ആരോപണങ്ങൾക്കെതിരെ കൃത്യമായ അന്വേഷണം നടത്തി ഉന്നത വിദ്യാഭ്യാസ വകുപ്പിനെ രക്ഷിക്കണം. അടിയന്തരമായി കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിടണം. എസ്‌എഫ്‌ഐ നേതൃത്വത്തെ നിലയ്ക്ക് നിർത്താൻ പാർട്ടിക്ക് കഴിയണം. ഇന്ന് ഗവർണറെ കണ്ട് കേരള സിൻഡിക്കേറ്റ് കാര്യം ബോധിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു.

എസ്‌എഫ്‌ഐയുടെ ചെവിക്ക് പിടിക്കാൻ സിപിഎം നേതൃത്വം തയ്യാറാകണം. കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നുള്ള ആരോപണം ദേശാഭിമാനിയാണ് പുറത്ത് കൊണ്ട് വരുന്നത്. അത് പൊലീസ് അന്വേഷിച്ച് പുറത്ത് കൊണ്ട് വരേണ്ടതാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

വ്യാജ സർട്ടിഫിക്കറ്റിൽ കുരുങ്ങി കെഎസ്‌യുവും : എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന വിവാദം രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനിടെയാണ് കെഎസ്‌യു നേതാവിന്‍റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന വാർത്ത കോൺഗ്രസിന് തിരിച്ചടിയായത്. കെഎസ്‌യു സംസ്ഥാന കണ്‍വീനർ അൻസിൽ ജലീലിന്‍റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്നാണ് കേരള സർവകലാശാല കണ്ടെത്തിയിരിക്കുന്നത്.

അൻസിലിന്‍റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർഥമല്ലെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. അതേസമയം പരീക്ഷ കണ്‍ട്രോളർ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് അൻസിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കണ്‍ട്രോളർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

വ്യാജ സർട്ടിഫിക്കറ്റിൽ തനിക്ക് പങ്കില്ലെന്നാണ് അൻസിൽ ജലീൻ അറിയിച്ചിരിക്കുന്നത്. വ്യാജ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അൻസിൽ പറഞ്ഞിരുന്നു.

നിഖില്‍ തോമസിനെ പുറത്താക്കി എസ്‌എഫ്‌ഐ : അതേസമയം വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആര്‍ഷോ എന്നിവരാണ് പ്രസ്‌താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

ഒരു എസ്‌എഫ്‌ഐ പ്രവർത്തകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്‌തത്. അതിനാൽ എസ്‌എഫ്‌ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുകയാണെന്നുമാണ് വാർത്ത കുറിപ്പിൽ വ്യക്‌തമാക്കിയിരുന്നത്.

ABOUT THE AUTHOR

...view details