തിരുവനന്തപുരം:ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവ് വരുത്തിയ യുവജനക്ഷേമ കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പ്രതിഷേധവുമായി കെ.എസ്.യു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയെ വൈലോപ്പിള്ളിയുടേതായാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് വാഴക്കുലയുമായാണ് കെ.എസ്.യു, യുവജന കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
'ചങ്ങമ്പുഴയുടെ വാഴക്കുല ചിന്തയ്ക്ക് അത് തേങ്ങാക്കൊല': യുവജന കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി കെഎസ്‌യു - കേരള വാര്‍ത്തകള്‍
യുവജനക്ഷേമ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിന്താ ജെറോം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു മാര്‍ച്ച്
കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടക്കം ഇടതു സർക്കാരിന്‍റെ കാലത്ത് വന്ന പിഴവുകളുടെ
അവസാന ഉദാഹരണമാണ് ചിന്തയുടെ ഗവേഷണ പ്രബന്ധം എന്ന് അലോഷ്യസ് പറഞ്ഞു. വേണ്ടപ്പെട്ടവർക്ക് ജോലിക്കൊപ്പം ബിരുദവും നൽകുന്ന രീതിയിൽ ഇടതുസർക്കാർ അധഃപതിച്ചിരിക്കുകയാണ്.
ഗുരുതരമായ പിഴവ് വരുത്തിയ ചിന്തയ്ക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും എത്രയും വേഗം രാജി വയ്ക്കാൻ തയാറാകണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു. പ്രവർത്തകർ ബാരിക്കേസുകൾ മറികടക്കാൻ ശ്രമിച്ചത് ചെറിയ സംഘർഷമുണ്ടാക്കി. പൊലീസ് അലോഷ്യസ് സേവിയർ അടക്കമുള്ള പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത് നീക്കി.