തിരുവനന്തപുരം: കേരള സർവകലാശാല, പിഎസ്‌സി പരീക്ഷ ക്രമക്കേടുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചക്ക് ക്ഷണിക്കാതെ സർക്കാർ. സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കെഎസ്‌യു നേതൃത്വത്തിന്‍റെ തീരുമാനം.
കെഎസ്‌യു നേതാക്കളുടെ നിരാഹാരസമരം; സർക്കാർ മൗനം തുടരുന്നു
സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കെഎസ്‌യു നേതൃത്വത്തിന്‍റെ തീരുമാനം.
യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമത്തിൽ മുഖ്യ പ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ്‌യു സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. കെഎസ്‌യു പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെ നേതൃത്വത്തിൽ തുടരുന്ന സമരം ഏഴ് ദിവസം പിന്നിട്ടിട്ടും സർക്കാർ മൗനം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ പ്രതിഷേധ പരിപാടികൾക്കാണ് സെക്രട്ടേറിയേറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നിട്ടും സർക്കാർ കണ്ട ഭാവം നടിച്ചിട്ടില്ല.
അതേസമയം എബിവിപി നടത്തി വന്ന 72 മണിക്കൂർ സത്യാഗ്രഹം അവസാനിപ്പിച്ചു. മുൻ ഡിജിപി ടി പി സെൻകുമാർ സമരപ്പന്തൽ സന്ദർശിച്ചു.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളജിൽ നാളെ മുതല്‍ ക്ലാസുകൾ ആരംഭിക്കും. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാകാനാണ് സാധ്യത. അതേസമയം വധശ്രമ കേസിൽ ആകെ 16 പ്രതികളെ തിരിച്ചറിഞ്ഞു. 10 പേരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇതിൽ എട്ട് പേർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പൊലീസ് നീക്കം. പ്രതികൾക്കായി രാവിലെ മുതൽ വ്യാപക തിരച്ചിൽ തുടരുകയാണ്.