കേരളം

kerala

ETV Bharat / state

'ആഭ്യന്തര വകുപ്പിന്‍റേത് ഫാസിസ്റ്റ് രീതി'; കെഎസ്‌യു ഡിജിപി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു - ആഭ്യന്തര വകുപ്പിനെതിരെ കെഎസ്‌യു പ്രതിഷേധം

കെഎസ്‌യു തിരുവനന്തപുരം ജില്ല കമ്മിറ്റിയാണ് ഡിജിപി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്

കെഎസ്‌യു തിരുവനന്തപുരം ജില്ല കമ്മിറ്റി  കെഎസ്‌യു ഡിജിപി ഓഫിസ്  ഡിജിപി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം  കെഎസ്‌യു  KSU DGP office march clash  DGP office march clash Thiruvananthapuram
കെഎസ്‌യു

By

Published : Jun 13, 2023, 3:36 PM IST

Updated : Jun 13, 2023, 3:55 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഫാസിസ്റ്റ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് കെഎസ്‌യു നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. കെഎസ്‌യു തിരുവനന്തപുരം ജില്ല കമ്മിറ്റി ഡിജിപി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു.

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് സംവിധാനങ്ങള്‍ മറികടന്ന് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ഇവരെ മാറ്റി. ഇതോടെ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍, മാധ്യമ പ്രവര്‍ത്തക എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ നടപടിയിലും പുറമെ, വ്യാജരേഖ ചമച്ച് ജോലി നേടിയ മഹാരാജാസ് കോളജ് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ അറസ്‌റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് കെഎസ്‌യു സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയത്.

എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കാനുള്ള നടപടികളാണ് പൊലീസിനെക്കൊണ്ട് സര്‍ക്കാര്‍ എടുപ്പിക്കുന്നതാണെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. കഴിഞ്ഞ ദിവസം കെ വിദ്യയെ കണ്ടെത്താത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്‌യു ലുക്ക് ഔട്ട് നോട്ടിസ് പ്രതിഷേധം നടത്തിയിരുന്നു. വിദ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് വീഴ്‌ച വരുത്തുകയാണെന്ന് ആരോപിച്ചാണ് ലുക്ക് ഔട്ട് നോട്ടിസ് സമരവുമായും കെഎസ്‌യു രംഗത്തെത്തിയിരുന്നു. വിദ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു വാഴക്കുല ഇനാമാണ് സംഘടന പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു ലുക്ക് ഔട്ട് നോട്ടിസ് പതിച്ചത്.

വിദ്യയെ കണ്ടെത്താനാവാതെ പൊലീസ്: 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് വിദ്യ, വ്യാജ രേഖ ഉപയോഗിച്ച് കരിന്തളം ഗവണ്‍മെന്‍റ് കോളജില്‍ ജോലി ചെയ്‌തിരുന്നത്. 2018 - 19, 2020 - 21 വര്‍ഷങ്ങളില്‍ എറണാകുളം മഹാരാജാസ് കോളജില്‍ പഠിപ്പിച്ചിട്ടുണ്ടെന്നാണ് വ്യജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിലുള്ളത്. ഈ വ്യാജ രേഖയുമായി അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ ജോലിക്ക് അപേക്ഷ നല്‍കിയിപ്പോഴാണ് സംശയം തോന്നിയ കോളജ് അധികൃതര്‍ മഹാരാജാസ് അധികൃതരോട് വിവരം തേടിയത്. കെ വിദ്യ, കോളജില്‍ അധ്യാപികയായി ജോലി ചെയിട്ടില്ലെന്ന് മഹാരാജാസ് കോളജ് രേഖാമൂലം മറുപടി നല്‍കിയതോടയാണ് അട്ടപ്പാടി കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഏഴ് ദിവസം കഴിഞ്ഞിട്ടും പൊലീസ് വിദ്യയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വിദ്യ ഒളിവിലാണെന്നും ഫോണ്‍ സ്വിച്ച് ഓഫാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. പിഎം ആര്‍ഷോ പരീക്ഷയെഴുതാതെ മാര്‍ക്ക് ലിസ്റ്റില്‍ വിജയിച്ചുവെന്ന് രേഖപ്പെടുത്തിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തതിനാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത്. ആര്‍ഷോയുടെ പരാതിയില്‍ ഗുഢാലോചന നടത്തിയെന്ന് പേരിലാണ് കേസ്. പൊലീസിന്‍റെ ഈ നടപടിയില്‍ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. എന്നാല്‍, കേസെടുത്ത നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. പരാതിയില്‍ എഫ്‌ഐആര്‍ ഇടുക മാത്രമാണ് ചെയ്‌തതെന്നും ഗൂഢാലോചന നടത്തിയിട്ടുണ്ടങ്കില്‍ നിയമപരമായി പുറത്തുകൊണ്ടുവരും എന്നുമാണ് വിഷയത്തില്‍ സിപിഎം നിലപാട്.

Last Updated : Jun 13, 2023, 3:55 PM IST

ABOUT THE AUTHOR

...view details