തിരുവനന്തപുരം :ശമ്പള വിതരണത്തിലെ കാലതാമസത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ സമരം. തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് സമരം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച (മെയ് 8) ബിഎംഎസിന്‍റെ നേതൃത്വത്തില്‍ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിനെ തുടര്‍ന്നാണ് ഭരണ-പ്രതിപക്ഷ യൂണിയനുകളുടെ സംയുക്ത സമരം.
ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ചീഫ് ഓഫിസിന് മുന്നിലാണ് സമരം. ശമ്പളം മുഴുവന്‍ ഈ മാസം 5 ഓടെ വിതരണം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള യൂണിയനുകളുടെ കൂടിക്കാഴ്‌ചയില്‍ ലഭിച്ച ഉറപ്പ്. എന്നാല്‍ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണത്തിന് 50 കോടി അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി ധനവകുപ്പിന് നൽകിയ അഭ്യര്‍ഥനയില്‍ ഫലപ്രദമായ നടപടി ഉണ്ടാകാത്തതാണ് പ്രതിസന്ധിയായത്.