തിരുവനന്തപുരം: കർണാടക റോഡ് ട്രാൻസ്പോർട്ടുമായി നടത്തിയ നിയമനടപടികളിൽ കർണാടക സർക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെഎസ്ആർടിസി തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകർ. കെഎസ്‌ആർടിസി ഡെമൈനുമായി ബന്ധപ്പെട്ട് കർണാടകയുമായി പോരാട്ടത്തിനില്ലെന്നും പ്രശ്‌നം ഉചിതമായ രീതിയിൽ പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെന്നും കെഎസ്‌ആർടിസി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ആവശ്യമെങ്കിൽ സെക്രട്ടറി തലത്തിലോ മന്ത്രി തലത്തിലോ ചർച്ചയാകാമെന്നും പോസ്റ്റിൽ പറഞ്ഞു. ഈ വിവരം ഔദ്യോഗികമായി കർണാടകയെ അറിയിക്കും.
അനിവാര്യമാണ് സഹകരണം
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. കർണാടക കേരളത്തിലേക്കും കേരളം കർണാടകയിലേക്കും യാത്രാക്കാര്യത്തിൽ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാൽ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങൾ എല്ലാം മുൻനിർത്തി മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും എന്നാൽ ഓൺലൈൻ ഡൊമൈന്‍റെ കാര്യത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.