തിരുവനന്തപുരം :സംസ്ഥാനത്തുടനീളം കെഎസ്ആർടിസിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പണിമുടക്കുന്നതായി പരാതി. (KSRTC's Electronic Ticket Machine Problem). മെഷീനിൽ ടിക്കറ്റ് പ്രിന്‍റ് ചെയ്യാൻ ഉപയോഗിക്കുന്ന പേപ്പർ റോൾ ആണ് തകരാറിന് കാരണം. മെഷീനിൽ നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്നതിൽ നിന്നും വ്യത്യസ്‌തമായ കട്ടി കൂടിയ പേപ്പർ റോൾ ആണ് ഇപ്പോൾ നൽകുന്നത്. ഈ പേപ്പർ റോൾ ഉപയോഗിച്ച് ടിക്കറ്റുകൾ പ്രിന്‍റ് ചെയ്യുമ്പോൾ നിരക്ക്, സമയം, തീയതി, സ്ഥലം തുടങ്ങിയ വിവരങ്ങൾ വ്യക്തമായി പതിയുന്നില്ലെന്നതാണ് നിലവിൽ നേരിടുന്ന പ്രശ്‌നമെന്ന് കെഎസ്ആർടിസിയിലെ കണ്ടക്‌ടര്‍മാര്‍ പറയുന്നു.
മെഷീനിന്‍റെ ഡിസ്പ്ലേ ഇടയ്ക്ക് അണയുന്നു, വേഗത്തിൽ ചാർജ് തീരുന്നു തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടക്‌ടർമാർ അഭിമുഖീകരിക്കുന്നുണ്ട്. മാത്രമല്ല കട്ടി കൂടിയ പേപ്പർ റോൾ ഉപയോഗിക്കുന്നതിലൂടെ മെഷീൻ വേഗം തകരാറിലാകുന്നുവെന്നും ജീവനക്കാര്‍ വശദീകരിക്കുന്നു. നിലവിലെ പ്രതിസന്ധി കാരണം പഴയ റാക്കിൽ നിന്നാണ് ഇപ്പോൾ കണ്ടക്‌ടർമാർ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത്. ബാംഗ്ലൂർ ആസ്ഥാനമായ മൈക്രോ എഫ് എക്‌സ് എന്ന കമ്പനിയാണ് കെഎസ്ആർടിസിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നൽകുന്നത്. ഈ കമ്പനി തന്നെയാണ് മെഷീനിൽ ഉപയോഗിക്കുന്ന പേപ്പർ റോളും നൽകുന്നത്.
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളും സമാന പ്രശ്‌നം നേരിടുന്നതായാണ് ജീവനക്കാർ അറിയിക്കുന്നത്. 2020 മുതൽ മൈക്രോ എഫ് എക്‌സ് എന്ന കമ്പനിയാണ് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ കെഎസ്ആർടിസിക്ക് നൽകുന്നത്. അഞ്ച് വർഷത്തേക്കാണ് കരാർ. നേരത്തെ കർണാടക ആസ്ഥാനമായ 'ക്വാണ്ടം ഇയോൺ' എന്ന കമ്പനിയിൽ നിന്നായിരുന്നു മെഷീനുകൾ വാങ്ങിയിരുന്നത്. കരാർ അവസാനിച്ചതോടെ മൈക്രോ എഫ് എക്‌സിന് കരാർ നൽകുകയായിരുന്നു.