തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കി കെ.എസ്.ആർ.ടി.സിയിലെ സിപിഎം അനുകൂല ഇടത് സംഘടന രംഗത്ത്. ചീഫ് ഓഫിസിന് മുന്നിൽ സി.ഐ.ടി.യു ആഭിമുഖ്യത്തിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ആർ.ടി.ഇ.എ) അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു.
പ്രതിഷേധവുമായി വിവിധ സംഘടനകൾ :ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ലെങ്കിൽ ഈ മാസം 19ന് വലിയ പ്രതിഷേധമുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.ഇ.എ വർക്കിങ് പ്രസിഡന്‍റ് ഡി.കെ ഹരികൃഷ്‌ണൻ പറഞ്ഞു. ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
ശമ്പളം നൽകുന്നില്ല; സമരം ശക്തമാക്കി കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനകൾ കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന വൈറസായി മാനേജ്മെന്‍റ് മാറിയെന്നും യൂണിറ്റ് ഓഫിസർമാരെ മാനേജ്മെന്‍റ് വിരട്ടുകയാണെന്നും ഹരികൃഷ്‌ണൻ ആരോപിച്ചു. ഒരു പൊതുഗതാഗത സംവിധാനവും ലാഭകരമല്ല. സബ്‌സിഡിയോടെയാണ് പലയിടത്തും മുന്നോട്ടുപോകുന്നത്.
READ MORE:സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു
ബസുകൾ പെരുവഴിയിലും താൽക്കാലിക ജീവനക്കാർ പട്ടിണിയിലുമാണ്. എന്നാൽ സി.എം.ഡിയെ മാറ്റണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടതിൻ്റെ പൂർണ ഉത്തരവാദിത്തം മാനേജ്മെൻ്റിനാണെന്നും സി.ഐ.ടി.യു ആരോപിച്ചു.
സ്വിഫ്റ്റ് ബസപകടം അന്വേഷിക്കണം :മുൻപരിചയമില്ലാത്ത ഡ്രൈവർമാരെയാണ് സ്വിഫ്റ്റ് ബസുകളിൽ നിയോഗിച്ചത്. മികച്ച ഡ്രൈവർമാർ കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്നിട്ടും അവരെ ഒഴിവാക്കി. അപകടങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് 84 കോടി രൂപയാണ് വേണ്ടത്. ശമ്പളം നൽകുന്നതിന് സർക്കാർ 30 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. കൂടുതൽ പണം തൽക്കാലം അനുവദിക്കാനാകില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ശമ്പളം നൽകാത്തതിനെതിരെ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും മെയ് ആറിന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിലും ടി.ഡി.എഫ് സമരം നടത്തും. കൂടാതെ സിപിഐ അനുകൂല സംഘടനയായ എ.ഐ.ടി.യു.സി ഏപ്രിൽ 28ന് 24 മണിക്കൂര്‍ സൂചന പണിമുടക്കും നടത്തും.