തിരുവനന്തപുരം:കെഎസ്‌ആർടിസിയിൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്ക് എതിരെ നടപടിയുമായി അധികൃതർ. പണിമുടക്ക് മൂലം കോർപ്പറേഷനുണ്ടായ നഷ്‌ടം പണിമുടക്കിയ തൊഴിലാളികളിൽ നിന്നും തിരിച്ചുപിടിക്കാനാണ് കെഎസ്‌ആര്‍ടിസി അധികൃതരുടെ നീക്കം. ജൂണ്‍ 26ന് ഷെഡ്യൂള്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിവിഷനിലെ ജീവനക്കാർ നടത്തിയ പണിമുടക്കിൽ കെഎസ്‌ആർടിസിക്കുണ്ടായ നഷ്‌ടം 9,50,137 രൂപയാണ്.
പണിമുടക്കില്‍ നഷ്‌ടം 9.5 ലക്ഷം: ജീവനക്കാരിൽ നിന്ന് തിരിച്ചു പിടിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി - ksrtc service
ഷെഡ്യൂള്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 26ന് തിരുവനന്തപുരം ഡിവിഷനിലെ ജീവനക്കാർ നടത്തിയ പണിമുടക്കിൽ കെഎസ്‌ആർടിസിക്കുണ്ടായ നഷ്‌ടം പണിമുടക്കിയ ജീവനക്കാരില്‍ നിന്ന് തന്നെ തിരിച്ചുപിടിക്കാൻ ഉത്തരവിട്ട് അധികൃതർ
ഈ തുക ഡ്യൂട്ടി ബഹിഷ്‌കരിച്ച ജീവനക്കാരില്‍ നിന്ന് തന്നെ തിരിച്ചു പിടിക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനം. തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവൻ, പേരൂർക്കട ഡിപ്പോകളിലെ പണിമുടക്കിയ 63 ജീവനക്കാരില്‍ നിന്നായി അന്നത്തെ മുഴുവന്‍ നഷ്‌ടവും ഈടാക്കാനാണ് നീക്കം.
പാപ്പനംകോട് ഡിപ്പോയില്‍ നിന്ന് 20 സര്‍വീസുകളും, സിറ്റി യൂണിറ്റില്‍ നിന്ന് 17 സര്‍വീസുകളും, വികാസ് ഭവന്‍ ഡിപ്പോയില്‍ നിന്ന് 13 സര്‍വീസുകളും, പേരൂര്‍ക്കട യൂണിറ്റില്‍ നിന്ന് 25 സര്‍വീസുകളും നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പാപ്പനംകോട് ഡിപ്പോയിലെ എട്ട് കണ്ടക്‌ടർമാർ പണിമുടക്കിയതോടെ 12 സര്‍വീസുകളാണ് മുടങ്ങിയത്. സിറ്റി യൂണിറ്റില്‍ നിന്നും, വികാസ് ഭവന്‍ യൂണിറ്റില്‍ നിന്നും, പേരൂര്‍ക്കട യൂണിറ്റില്‍ നിന്നും ഒരു സര്‍വീസ് പോലും നടന്നില്ല.