തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്‌മാർട്ട് ട്രാവൽ കാർഡ് (KSRTC Smart Travel Card) ഉപയോഗിച്ച് യാത്ര ചെയ്യുന്നവരാണോ?.. ആണെങ്കിൽ ഇനി മുതൽ ബസിൽ കയറുന്നതിന് മുൻപ് ട്രാവൽ കാർഡിനൊപ്പം കാശും കയ്യിൽ കരുതിയില്ലെങ്കിൽ എട്ടിൻ്റെ പണി കിട്ടും. ചില ടിക്കറ്റ് മെഷീനുകളില്‍ (Electronic Ticket Machine) സാങ്കേതിക തകരാറുകൾ മൂലം ട്രാവൽ കാർഡ് പ്രവർത്തിക്കുന്നില്ല. ഇതോടൊപ്പം ഇടിഎം (ETM) മെഷീനിൻ്റെ ചാർജ് തീരുന്നതും സിഗ്നൽ തകരാറുമെല്ലാം ട്രാവൽ കാർഡ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയാണ് (KSRTC Travel Card Issues- Users Facing Crisis).
അടുത്തിടെ ഇടിഎം മെഷീനുകൾ വ്യാപകമായി തകരാറിലായിരുന്നു. ഇതിന് പിന്നാലെയാണ് ട്രാവൽ കാർഡ് ഉപയോഗവും പ്രതിസന്ധിയിലായത്. ട്രാവൽ കാർഡ് ഇടിഎം മെഷീനിൽ സ്വൈപ്പ് ചെയ്‌താണ് പണമിടപാട് നടത്തുന്നത്. ഇടിഎം മെഷീനുകൾ തകരാറിലായതോടെ ഇപ്പോൾ പഴയ ടിക്കറ്റ് റാക്കുകൾ ആണ് ഉപയോഗിക്കുന്നത്.
എടിഎം കാർഡ് മാതൃകയിലുള്ള ട്രാവൽ കാർഡിന് ചെറിയ ചുളിവുണ്ടായാൽ പോലും ഇടിഎം മെഷീനിൽ റീഡാകാറില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതേ തുടർന്ന് യാത്രക്കാരുടെ വ്യാപക പരാതിയും ഉയരുകയാണ്. കെഎസ്ആർടിസിക്ക് ഇടിഎം മെഷീൻ നൽകുന്ന ബെംഗളൂരു ആസ്ഥാനമായ മൈക്രോ എഫ് എക്‌സ് (Micro FX) എന്ന കമ്പനിയാണ് ട്രാവൽ കാർഡുകളും നൽകിയത്. ആർഎഫ്ഐഡി (റേഡിയോ - ഫ്രീക്വൻഡി ഐഡൻ്റിഫിക്കേഷൻ) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങളോടുകൂടിയ ട്രാവൽ കാർഡാണ് കെഎസ്ആർടിസി പുറത്തിറക്കിയിരിക്കുന്നത്.