കേരളം

kerala

ETV Bharat / state

കെഎസ്‌ആര്‍ടിസിയുടെ നാലമ്പല ദർശന പാക്കേജ്, ടിക്കറ്റുകൾ ബുക്ക് ചെയ്യാം - Nalambala Darshan Package

കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നാലമ്പല ദര്‍ശനം എന്ന പേരിലാണ് രണ്ട് പുതിയ പാക്കേജുകല്‍ ഒരുങ്ങുന്നത്. കര്‍ക്കടക മാസം ആരംഭിക്കുന്ന ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് തീര്‍ത്ഥാടന യാത്ര നടത്തുന്നത്.

ksrtc-tour-package-naalambala-darshan-karkadakam
കെഎസ്‌ആര്‍ടിസിയുടെ നാലമ്പല ദർശന പാക്കേജ്, ടിക്കറ്റുകൾ ബുക്ക് ചെയ്യാം

By

Published : Jul 14, 2023, 11:39 AM IST

തിരുവനന്തപുരം: കര്‍ക്കടക മാസത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നാലമ്പല ദര്‍ശനം എന്ന പേരിലാണ് രണ്ട് പുതിയ പാക്കേജുകല്‍ ഒരുങ്ങുന്നത്. കര്‍ക്കടക മാസം ആരംഭിക്കുന്ന ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് തീര്‍ത്ഥാടന യാത്ര നടത്തുന്നത്. ഒരു ദിവസത്തെ യാത്രയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോട്ടയം നാലമ്പല ദര്‍ശന പാക്കേജ് ഇങ്ങനെ:കോട്ടയം രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന നാലമ്പല ദര്‍ശനം കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലെ ദര്‍ശനവും കഴിഞ്ഞ് മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തില്‍ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നും ഈ തീര്‍ത്ഥാടന യാത്ര പാക്കേജ് ഒരുക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നിന്ന് മാത്രം തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, പാറശാല, കാട്ടാക്കട, കിളിമാനൂര്‍, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെയ്യാറ്റിന്‍കര, വെള്ളറട എന്നീ 9 ഡിപ്പോകളില്‍ നിന്ന് പാക്കേജ് ഓപ്പറേറ്റ് ചെയ്യും. സിറ്റി ഡിപ്പോയില്‍ നിന്ന് പുലര്‍ച്ചെ 3 മണിക്ക് പുറപ്പെടുംവിധമാകും യാത്ര ആരംഭിക്കുക. ഓരോ ഡിപ്പോകളില്‍ നിന്നും കോട്ടയത്തേക്ക് എത്താന്‍ എടുക്കുന്ന സമയം അനുസരിച്ചാണ് യാത്ര പുറപ്പെടേണ്ട സമയം നിശ്ചയിക്കുന്നത്.

തൃശൂര്‍ നാലമ്പല ദര്‍ശന പാക്കേജ് ഇങ്ങനെ: എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന നാലമ്പല ദര്‍ശനം ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിലെ ദര്‍ശനവും കഴിഞ്ഞ് പായമ്മല്‍ ശ്രീശത്രുഘ്‌ന ക്ഷേത്രത്തിലാണ് അവസാനിക്കുന്നത്. കോട്ടയം നാലമ്പല ദര്‍ശന പാക്കേജിന് സമാനമായി എല്ലാ ജില്ലകളില്‍ നിന്നും തൃശൂര്‍ നാലമ്പല ദര്‍ശന പാക്കേജ് ഓപ്പറേറ്റ് ചെയ്യും.

പുലര്‍ച്ചെ 3 മണിക്ക് പുറപ്പെടും വിധമാകും യാത്ര ആരംഭിക്കുക. ഓരോ ഡിപ്പോകളില്‍ നിന്നും തൃശൂരിലേക്ക് എത്താന്‍ എടുക്കുന്ന സമയം അനുസരിച്ചാണ് യാത്ര പുറപ്പെടേണ്ട സമയം നിശ്ചയിക്കുന്നത്. വൈകുന്നേരത്തോടെ നാലമ്പല ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ചാണ് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ അതാത് യൂണിറ്റുകളിലെ ബജറ്റ് ടൂറിസം കോഡിനേറ്ററുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. 50 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കും സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസുകളിലാണ് യാത്ര. യാത്രക്കാരുടെ ഇഷ്ടാനുസരണം ഏത് ബസ് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ബജറ്റ് ടൂറിസം സെൽ പരസ്യപ്പെടുത്തിയിട്ടില്ല. യാത്രക്കാർക്ക് അതാത് ബജറ്റ് ടൂറിസം സെൽ ജില്ല കോഡിനേറ്ററുമായി ബന്ധപ്പെട്ടാൽ ടിക്കറ്റ് നിരക്കുകൾ ലഭ്യമാകുന്നതാണ്. അതാത് ജില്ല കോർഡിനേറ്ററുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ABOUT THE AUTHOR

...view details