തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം പൂർണമായി സ്വിഫ്റ്റിന്‍റെ വെബ്സൈറ്റിലേക്ക് മാറ്റുന്നു. സ്വിഫ്റ്റിനെതിരെ തൊഴിലാളി സംഘടനകൾ അടക്കം കടുത്ത അതൃപ്‌തി രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ തീരുമാനവുമായി മാനേജ്മെന്‍റ് മുന്നോട്ടുപോകുന്നത് (KSRTC Ticket Booking System).
ഇനി മുതൽ https://onlineksrtcswift.com എന്ന വെബ്‌സൈറ്റ് വിലാസം വഴിയേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ (Ksrtc Ticket Booking System Changed To Swift Bus Website). ചൊവ്വാഴ്‌ച (05-09-2023) മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക. നേരത്തെ കെഎസ്ആർടിസിയുടെ സൈറ്റായ https://online.keralartc.com വഴിയായിരുന്നു ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്.
എന്നാൽ പുതിയ വെബ്‌സൈറ്റ് വഴി ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് മാനേജ്മെന്‍റിന്‍റെ അവകാശവാദം. മാത്രമല്ല ദീർഘദൂര സർവീസുകൾ കെഎസ്ആർടിസിക്ക് നൽകുന്നില്ല. സ്വിഫ്റ്റാണ് ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്.
മാത്രമല്ല കെഎസ്ആർടിസിയുടെ പേരിൽ പുതിയ ബസുകൾ വാങ്ങുന്നുമില്ല. അടുത്തിടെ വാങ്ങിയ ഹൈബ്രിഡ് ഉൾപ്പടെയുള്ള ബസുകൾ സ്വിഫ്റ്റിന്‍റെ പേരിലാണ് മാനേജ്മെന്‍റ് വാങ്ങിയത്. പുതുതായി വാങ്ങിയ ഇലക്ട്രിക് ബസുകളും അടുത്തിടെയാണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തത്. അതേസമയം സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങിയ ബസുകൾ കേടാകുന്നത് തുടര്‍ക്കഥയാവുകയാണ്. സർവീസ് ആരംഭിച്ച് പത്താം ദിവസം 12 ബസുകളാണ് വർക്ഷോപ്പിലേക്ക് എത്തിയത്. സർവീസ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഏഴ് ബസുകൾ കേടാവുകയും ചെയ്‌തിരുന്നു.