തിരുവനന്തപുരം:നഗരത്തിൽ സർവീസ് നടത്തുന്ന സിറ്റി സർക്കുലറിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 കടന്നെന്നും കൂടുതൽ ബസുകൾ വരുന്ന മുറയ്ക്ക് സർവീസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കെഎസ്ആർടിസി (KSRTC City Circular Bus Service Has Crossed 70,000 Passengers Daily). സിറ്റി സർക്കുലർ സർവീസിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നിലവിൽ 105 ബസുകളുമായാണ് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് നടത്തുന്നത് (KSRTC City Circular Bus Service In Thiruvananthapuram).
നഗരത്തിൽ മുൻപ് പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി, പ്രധാന ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വിദേശ രാജ്യങ്ങളിലേതുപോലെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് മാതൃകയിലാണ് സിറ്റി സർക്കുലർ സർവീസ് നിലവിൽ നടത്തുന്നത്. നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും സിറ്റി സർക്കുലർ സർവീസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ധാരാളമായി ലഭിക്കുന്നുണ്ടെന്നും കൂടുതൽ ബസുകൾ വരുന്ന മുറയ്ക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
അനന്തപുരിക്കാർക്ക് ചിരപരിചിതമല്ലാതിരുന്ന പുതിയൊരു യാത്രാ ശീലത്തെ അതിവേഗം ഏറ്റെടുത്ത യാത്രക്കാർക്കും യാത്രക്കാരുടെ മനസറിഞ്ഞ് സേവനമനുഷ്‌ഠിക്കുന്ന ജീവനക്കാർക്കും കെഎസ്ആർടിസി നന്ദി അറിയിച്ചു.