തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് ഇന്ന് (ഏപ്രിൽ 11) വൈകുന്നേരം മുതൽ സർവീസ് ആരംഭിക്കും. വൈകുന്നേരം 5.30ന് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ ആദ്യ സർവീസ് ആരംഭിക്കും.
ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ആദ്യ സർവീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി- സ്വിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് സമ്മാനിക്കും. വൈകിട്ട് 5.30 മണി മുതൽ ബെംഗ്ലൂരുവിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവീസുകളുമാണ് ആദ്യ ദിനം നടത്തുക.
കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് ഇന്ന് മുതൽ KSRTC Swift service: ഏപ്രിൽ 12 ന് വൈകുന്നേരം 5.30 തിന് ബെംഗ്ലൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്ക സർവീസ് ബെംഗ്ലൂരുവില്‍ വച്ച് കേരള ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം- ബെംഗ്ലുരു, എറണാകുളം -ബെംഗ്ലുരു ഗജരാജ എ.സി സ്ലീപ്പർ 4 സർവീസുകളുടെയും, കോഴിക്കോട്- ബെംഗ്ലുരു 2 സർവ്വീസുകളുടെയും, പത്തനംതിട്ട- ബെംഗ്ലുരു ഒരു സർവീസ്, തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട്, കണ്ണൂർ , മാനന്തവാടി എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് സർവീസുകളുടെയും ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്‍റെ കെഎസ്ആർടിസി) എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.
കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് ഇന്ന് മുതൽ ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി:തിങ്കളാഴ്‌ച (ഏപ്രിൽ 11) മുതൽ സർവീസ് ആരംഭിക്കുന്ന കെഎസ്ആർടിസി- സ്വിഫ്റ്റ് ബസിലെ ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി. കെഎസ്ആർടിസി - സ്വിഫ്റ്റ് ബസിന്‍റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറത്തോട് കൂടിയ ഷർട്ടും, കറുത്ത നിറത്തിലുള്ള പാന്‍റുമാണ് ബസിലെ ഡ്രൈവർ കം കണ്ടക്‌ടര്‍ ജീവനക്കാരുടെ യൂണിഫോം. ഇതിൽ ബസ് ഡ്രൈവ് ചെയ്യുന്നവർ പി - ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിം ബോർഡിനൊപ്പം, കെഎസ്ആർടിസി - സ്വിഫ്റ്റിന്‍റെ ചിഹ്നവും, യൂണിഫോം സ്പോൺസർ ചെയ്‌ത കമ്പിനിയുടെ ലോഗോയും, യൂണിഫോമിൽ പതിപ്പിച്ചിട്ടുണ്ട്.
കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് ഇന്ന് മുതൽ വിഷു - ഈസ്‌റ്ററിന് കൂടുതൽ സർവീസ്:വിഷു, ഈസ്‌റ്റര്‍ പ്രമാണിച്ച് കെഎസ്ആർടിസിയും, കെഎസ്ആർടിസി - സ്വിഫ്റ്റും സ്പെഷ്യൽ സർവ്വീസുകൾ നടത്തും. സംസ്ഥാനത്തിനകത്തും, അന്തർ സംസ്ഥാന റൂട്ടുകളിലുമാണ് യാത്രക്കാരുടെ ആവശ്യാർഥം യഥേഷ്‌ടം സർവീസുകൾ നടത്തുക. ആകെ 34 സൂപ്പർ ക്ലാസ് ബസ്സുകൾ സാധാരണ സർവ്വീസ് നടത്തുന്നതിൽ അധികമായി ഈ അവധിക്കാലത്ത് കൂടുതൽ സർവീസുകളും നടത്തും. ഏപ്രിൽ 11 മുതൽ 18 വരെ ഈ സർവീസുകൾക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ വഴി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റൂട്ടുകളിൽ അധിക സർവീസുകളും, ഹ്രസ്വ ദൂര - ദീർഘ ദൂര സർവീസുകൾ യാത്രക്കാരുടെ ബാഹുല്യം അനുസരിച്ചും ഏപ്രിൽ 12,13 തീയതികളിലും 17,18 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്.
പ്രധാന റൂട്ടുകൾ - എ.സി സ്ലീപ്പർ സർവീസുകൾ
കണിയാപുരം- തിരുവനന്തപുരം- ബെംഗ്ലുരു ( നാഗർകോവിൽ- തിരുനെൽവേലി- ഡിൻഡിഗൽ-വഴി)
തിരുവനന്തപുരം- ബെംഗ്ലുരു ( ആലപ്പുഴ- വൈറ്റില- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി )
ബെംഗ്ലുരു- തിരുവനന്തപുരം (സേലം, കോയമ്പത്തൂർ, തൃശ്ശൂർ- വൈറ്റില, ആലപ്പുഴ വഴി )
എറണാകുളം -ബെംഗ്ലുരു ( സേലം,കോയമ്പത്തൂർ , തൃശ്ശൂർ വഴി )
എ.സി സെമി സ്ലീപ്പർ ബസുകൾ
പത്തനംതിട്ട - ബെംഗ്ലുരു ( കോട്ടയം- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി )
കോഴിക്കോട്- ബെംഗ്ലുരു
കോഴിക്കോട്- മൈസൂർ
നോൺ എ.സി ഡീലക്‌സ് ബസുകൾ
തിരുവനന്തപുരം- കണ്ണൂർ
മാനന്തവാടി- തിരുവനന്തപുരം
സുൽത്താൻ ബത്തേരി - തിരുവനന്തപുരം
തിരുവനന്തപുരം-വൈറ്റില- ആലപ്പുഴ വഴി സുൽത്താൻബത്തേരി
തിരുവനന്തപുരം കോട്ടയം -തൃശ്ശൂർ- കോഴിക്കോട്
തിരുവനന്തപുരം - എറണാകുളം- കോഴിക്കോട്
Also Read: കെ സ്വിഫ്‌റ്റ്: ആദ്യ സര്‍വീസ് ബെംഗളൂരുലേക്ക്, 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും