തിരുവനന്തപുരം : പാപ്പനംകോട് കെഎസ്ആർടിസി (Ksrtc) ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് ഓടിക്കാൻ എത്തിയ ഡ്രൈവർമാർക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തിയത് കാറിൽ. തിരുവനന്തപുരം നഗരത്തിൽ അടുത്ത മാസം മുതൽ സർവീസ് നടത്താനിരിക്കുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ ഓടിക്കേണ്ട ഡ്രൈവർമാർക്കാണ് ഡ്രൈവിങ് ടെസ്റ്റ് (driving test) കാറിൽ നടത്തിയത്. എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും കാറിലാണ് നടത്തിയത്.
ഹെവി വാഹനം ഓടിക്കേണ്ട ഡ്രൈവർമാർക്ക് കാറിൽ ടെസ്റ്റ് നടത്തിയത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്. 27 വനിത ഡ്രൈവർമാർക്ക് ആണ് പരിശീലനം നൽകിയത്. ഇതിൽ 10 പേർക്ക് മാത്രമാണ് ഹെവി ലൈസൻസ് ഉള്ളത്. ഇതിനുശേഷം തുടർന്നുള്ള പരിശീലനങ്ങൾ നൽകുമെന്നാണ് ഉദ്യോഗാർഥികൾക്ക് നൽകിയ വിവരം.
എന്നാൽ, സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ആർടിസി അധികൃതർ ന്യായീകരണവുമായി രംഗത്തെത്തി. ഉദ്യോഗാർഥികൾക്ക് വിദഗ്‌ധ പരിശീലനം നൽകിയ ശേഷം മാത്രമേ സർവീസിനായി നിയോഗിക്കുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. റോഡ് ടെസ്റ്റ് നടക്കുമ്പോൾ സ്വിഫ്റ്റിലെ ഉദ്യോഗസ്ഥരും പിന്നാലെ ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 29നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ (ksrtc swift bus) കരാർ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയോഗിക്കാൻ കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറും (Biju Prabhakar) സ്വിഫ്റ്റ് മാനേജ്മെന്‍റ് ബോർഡും സംയുക്തമായി ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. സ്വിഫ്റ്റിന്‍റെ കീഴിൽ സർവീസ് നടത്തുന്ന ഇലക്‌ട്രിക് ഉൾപ്പെടെയുള്ള ബസുകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയോഗിക്കുന്നത്. മെയ് ഏഴിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കാനായിരുന്നു നിർദേശം. ഏപ്രിൽ 26 നാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.