തിരുവനന്തപുരം: സിറ്റി സർക്കുലർ സർവീസുകൾക്കായി നഗരത്തിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ഇലക്ട്രിക് ബസുകൾ എത്തി തുടങ്ങി. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ബസുകളിൽ ആദ്യത്തെ നാലെണ്ണമാണ് തിരുവനന്തപുരത്തെത്തിയത്. ബസുകൾ നിലവിൽ ആനയറയിലെ സ്വിഫ്റ്റിന്‍റെ ആസ്ഥാനത്താണ് എത്തിച്ചിരിക്കുന്നത്.
നഗരങ്ങളിലെ ഉപയോഗത്തിനായുള്ള ഒമ്പത് മീറ്റർ ബസുകളാണ് ഇവ. നിലവിൽ നഗരത്തിൽ 50 ഇലക്ട്രിക് ബസുകളാണ് സിറ്റി സർക്കുലർ സർവീസ് നടത്തുന്നത്. പുതുതായി വാങ്ങിയതിൽ 60 എണ്ണം ഐഷർ കമ്പനിയുടെതും ബാക്കി 53 ബസുകൾ പിഎംഐ ഫോട്ടോണിന്‍റെതുമാണ്. 113 ബസുകളും ജൂലായ് അവസാനത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നിലവിലുള്ള ഡീസൽ ബസുകൾ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് നൽകും. ഇതിന് പുറമെ കിഫ്ബിയുടെ രണ്ടാംഘട്ട ധനസഹായമായ 455 കോടി രൂപയ്ക്ക് 225 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനുള്ള പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. നിലവിൽ എത്തുന്ന പുതിയ ഇലക്ട്രിക് ബസുകൾ ഗതാഗത സംവിധാനം പഠിച്ച ശേഷം സിറ്റി സർക്കുലർ റൂട്ടുകളിലേക്കാകും നൽകുക. ഭാവിയിൽ കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഇലക്ട്രിലേക്ക് മാറ്റി ആദ്യ ഹരിത നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം സിറ്റി സർക്കുലർ സർവീസുകളുടെ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി കുറയ്ക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷം മാത്രമാകും അന്തിമ തീരുമാനം എടുക്കുക.
കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി, പ്രതിഷേധം ശക്തം:അതേസമയം മേയ് 8 ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നടത്തിയ 24 മണിക്കൂർ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരിൽ നിന്നും മൂന്നു ദിവസത്തെ ശമ്പളം പിടിക്കാനുള്ള മാനേജ്മെന്‍റ് ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. നിയമവിധേയമായ തൊഴിലാളി സമരങ്ങൾക്കെതിരെ കൈക്കൊള്ളുന്ന പ്രതികാര നടപടികളിൽ നിന്നും പിന്മാറാൻ ഇടതു സർക്കാർ തയ്യാറാവണമെന്ന് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ് അജയകുമാർ ആവശ്യപ്പെട്ടു.
അഞ്ചാം തിയതിക്കു മുൻപായി മുഴുവൻ ശമ്പളവും വിതരണം ചെയ്യുക, സ്ഥാപനത്തെ സ്വകാര്യവത്ക്കരിക്കുന്ന ശുപാർശകളടങ്ങുന്ന ഖന്ന റിപ്പോർട്ട് തള്ളിക്കളയുക, എൻപിഎസ് വിഭാഗത്തിൽ ഉൾപ്പെട്ട ജീവനക്കാരിൽ നിന്നും ഈടാക്കുന്ന തുകയും സർക്കാർ വിഹിതവും കുടിശിക സഹിതം അടയ്ക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, വർക്‌ഷോപ്പുകളിൽ ആധുനിക സംവിധാനമൊരുക്കാതെ വർക്ക് നോംസ് പരിഷ്‌കരിക്കുന്നത് നിർത്തി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബിഎംഎസ് സമരം നടത്തിയത്.
എന്നാൽ വിഷയത്തിൽ യാതൊരു ചർച്ചയ്‌ക്കും സർക്കാർ തയാറായില്ല. കഴിഞ്ഞ വർഷം മാർച്ച് 28, 29 തിയതികളിൽ കേന്ദ്ര സർക്കാരിനെതിരെ രണ്ടു ദിവസം പണിമുടക്കിയ ജീവനക്കാർക്ക് പൂർണമായും ശമ്പളം നൽകി സമരത്തിന് പിന്തുണ നൽകിയിരുന്നു. പതിനഞ്ച് ദിവസം മുമ്പ് നോട്ടിസ് നൽകി ജീവനക്കാരുടെ അവകാശമായ ശമ്പളത്തിനു വേണ്ടി നടത്തിയ സമരത്തിനെതിരെയാണ് ഇടതു സർക്കാരിൻ്റെ മൂന്ന് ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഫാസിസ്റ്റ് തീരുമാനമെന്നും എസ് അജയകുമാർ കുറ്റപ്പെടുത്തി.