തിരുവനന്തപുരം :കെഎസ്ആർടിസിയിലും കെഎസ്ആർടിസി സ്വിഫ്റ്റിലും വരുമാന ചോർച്ച തടയുന്നതിന് പരിശോധന കാര്യക്ഷമമാക്കാൻ തീരുമാനം. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ ഏകദിന ശിൽപ ശാലയിലാണ് പരിശോധന കാര്യക്ഷമമാക്കാനുള്ള തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് എംഡി ബിജു പ്രഭാകർ ഉത്തരവിറക്കി.
ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർ, ടിക്കറ്റ് ഇല്ലാത്ത ലഗേജ്, യാത്രക്കാരനൊപ്പമല്ലാത്ത ലഗേജ് എന്നിവ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഉത്തരവിൽ പറയുന്നു. കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി.
ജനറൽ കൺട്രോളിങ് ഇൻസ്പെക്‌ടർ, ചീഫ് ഓഫീസ്/സോണൽ ഇൻസ്പെക്‌ടർ, ഇൻസ്പെക്‌ടർ ഇൻ ചാർജ്, സർപ്രൈസ് സ്ക്വാഡ് ഐസിമാർ എന്നിവർ ഒഴികെ മുഴുവൻ ഇൻസ്പെക്‌ടർമാരും ഒരു ഡ്യൂട്ടിയിൽ 12 ബസുകൾ പരിശോധന നടത്തി എസ്‌ഐആർ കൃത്യമായി സമർപ്പിക്കണം. ഇത് രജിസ്റ്ററിൽ ചേർത്ത് യൂണിറ്റ് അധികാരി ഹാജർ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സിഎംഡിക്ക് മാത്രമാണ് ഇതിന് ഇളവ് നൽകാനുള്ള അധികാരം. ജനറൽ കൺട്രോളിങ് ഇൻസ്പെക്‌ടർ, ചീഫ് ഓഫീസ്/സോണൽ ഇൻസ്പെക്‌ടർ സ്ക്വാഡ് ഐസിമാർ എന്നിവർ ഡ്യൂട്ടിക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും ഒരു ബസ് വീതമെങ്കിലും പരിശോധന നടത്തണം. ഓരോ മാസവും കുറഞ്ഞത് 20 ബസുകൾ എങ്കിലും പരിശോധിച്ചിരിക്കണം എന്നും ഉത്തരവിൽ പറയുന്നു.
ഇൻസ്പെക്‌ടർ തസ്‌തികയ്ക്ക് മുകളിലുള്ള അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ മുതൽ എക്‌സിക്യുട്ടീവ് ഡയറക്‌ടർ വരെയുള്ള എല്ലാ ഓപ്പറേറ്റിങ് വിഭാഗം ഓഫീസർമാരും ഒരു മാസം കുറഞ്ഞത് 10 ദിവസമെങ്കിലും ബസുകളിൽ പരിശോധന നടത്തണം. കെഎസ്ആർടിസി എന്നോ കെഎസ്ആർടിസി സ്വിഫ്റ്റ് എന്നോ വ്യത്യാസമില്ലാതെ ലഭ്യമായ എല്ലാ ബസുകളിലും പരിശോധന നടത്തണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു.