തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ ഇനി ടിക്കറ്റെടുക്കാൻ ചില്ലറ തപ്പി നടക്കേണ്ട. ഡിജിറ്റൽ പേയ്‌മെന്‍റ് സിസ്‌റ്റം വഴി പണം നൽകി ടിക്കറ്റെടുക്കാനുള്ള സംവിധാനം എൻഡ് ടു എൻഡ് സർവീസുകളിൽ ആരംഭിച്ചു. മാർച്ച് മാസം പകുതിയോടെയാണ് സെൻട്രൽ യൂണിറ്റിൽ നിന്ന് പുതുതായി ആരംഭിച്ച തിരുവനന്തപുരം - നെടുമ്പാശ്ശേരി, തിരുവനന്തപുരം - ഹൈക്കോടതി എന്നീ എൻഡ് ടു എൻഡ് ലോ ഫ്ലോർ എസി ബസുകളിൽ ഡിജിറ്റൽ പേയ്‌മെന്‍റ് സിസ്‌റ്റം വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ആരംഭിച്ചത്.
ഡിജിറ്റലായി 'ആനവണ്ടി':ബസിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പണം നൽകി ടിക്കറ്റെടുക്കാം. ഡിജിറ്റൽ പേയ്‌മെൻ്റ് സിസ്റ്റം വഴി പണം നൽകാനുള്ള സംവിധാനത്തിൻ്റെ ട്രയൽ റൺ വിജയകരമായതിന് പിന്നാലെയാണ് കൂടുതൽ ബസുകളിലേക്ക് ഈ സംവിധാനം നടപ്പാക്കുന്നത്. പേരൂർക്കട ഡിപ്പോയിൽ നിന്ന് മണ്ണന്തല- കുണ്ടമൺകടവ് - തിരുമല റൂട്ടിൽ സർവീസ് നടത്തുന്ന ഫീഡർ ബസിൽ ഫെബ്രുവരി മുതലാണ് ഫോൺ പേ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. ഇത് വൻ വിജയകരമാണെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തൽ.ഇതിന് പിന്നാലെയാണ് കൂടുതൽ ബസുകളിലേക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
സുതാര്യത എന്ന അനിവാര്യത മുന്നില്‍ക്കണ്ട് : പുതിയ പരിഷ്‌കാരത്തിലൂടെ പണമിടപാടുകൾ എളുപ്പമാക്കുന്നതിനും കളക്ഷൻ സുതാര്യമാക്കുന്നതിനുമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഉടൻ തന്നെ കൂടുതൽ ബസുകളിലേക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനം ഏർപ്പെടുത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. സ്വിഫ്റ്റ് ബസുകളിലും ഡീലക്‌സ് മുതൽ മുകള്‍ ശ്രേണിയിൽപ്പെട്ട ബസുകളിലും ഫോൺ പേ വഴി പണം നൽകാനുള്ള സംവിധാനം മെയ് മാസം മുതൽ ഏർപ്പെടുത്താനുള്ള തയാറെടുപ്പുകളും നടക്കുകയാണ്.
എല്ലാ ബസ്സിലുമെത്തും : തുടർന്ന് ഘട്ടം ഘട്ടമായി ഓർഡിനറി ബസുകളിലും ഡിജിറ്റൽ പേയ്‌മെൻ്റ് സിസ്‌റ്റം ഏർപ്പെടുത്തും. ഇതോടെ കെഎസ്ആർടിസി ബസുകളിൽ ചില്ലറ ഇല്ലാത്തതിൻ്റെ പേരിൽ യാത്രക്കാരും കണ്ടക്‌ടർമാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾക്ക് ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം നിലവിൽ വരുന്നതോടെ പരിഹാരമാകും. ഡിസംബർ മാസത്തിൽ ഗതാഗത മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഫീഡർ സർവീസുകളിൽ ഏർപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ തന്നെ ഈ സംവിധാനം ഭൂരിഭാഗം ബസുകളിലും ഏർപ്പെടുത്തണം എന്ന് മന്ത്രി ആൻ്റണി രാജു നിർദേശവും നൽകിയിരുന്നു.
കുറച്ചധികം 'സൂപ്പര്‍ഫാസ്‌റ്റ്' യാത്രകള്‍ :അതേസമയം കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ കീഴിൽ വാങ്ങിയ 131 സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. കേരള സർക്കാരിന്‍റെ 2022-23 വർഷത്തെ പ്ലാൻ ഫണ്ടിൽ ഫ്ലീറ്റ് നവീകരണത്തിനായി അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയിരിക്കുന്നത്. 38.17 ലക്ഷം രൂപയാണ് ഒരു ബസിന്‍റെ വില. 22.18 ലക്ഷം രൂപയാണ് ഷാസിയുടെ വില. 15.98 ലക്ഷം രൂപയാണ് ബോഡി ബിൽഡിങ് വില. കെഎസ്ആർടിസിയുടെ കാലപ്പഴക്കം ചെന്ന ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പകരമാണ് പുതിയ ബസുകൾ ഉപയോഗിക്കുക.
യാത്രക്കാരുടെ സുരക്ഷയ്ക്കായി മുൻവശത്തും പിൻവശത്തും 360 ഡിഗ്രി ക്യാമറ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പാനിക് ബട്ടൺ, യാത്രക്കാർക്ക് നിർദേശങ്ങൾ നൽകാൻ മൈക്ക് അനൗൺസ്മെൻ്റ്, ജിപിഎസ്, മൂന്ന് എമർജൻസി വാതിലുകൾ, സൗകര്യപ്രദമായ സീറ്റുകൾ ഇങ്ങനെ നീളുന്നു പുതിയ സൂപ്പർഫാസ്റ്റ് ബസുകളുടെ സവിശേഷതകൾ. അശോക് ലെയ്‌ലാന്‍ഡിന്‍റെ 12 മീറ്റർ ഷാസിയിൽ, എസ്എം പ്രകാശ് എന്ന, ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിയാണ് ബോഡി നിർമിച്ചിരിക്കുന്നത്.