തിരുവനന്തപുരം: സംസ്ഥാനത്ത് എവിടെയും 16 മണിക്കൂറിനുള്ളില്‍ സാധനങ്ങളെത്തിക്കുന്ന കെഎസ്‌ആര്‍ടിസിയുടെ കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസിന് തുടക്കം കുറിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് സര്‍വീസ് നടത്തുക. ആദ്യഘട്ടത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ് നടത്തുന്നത്.
ജനങ്ങള്‍ക്ക് തൊട്ടടുത്ത ഡിപ്പോയില്‍ നിന്ന് കൊറിയർ കൈപ്പറ്റാവുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് അകത്ത് മാത്രമല്ല ബംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ ഡിപ്പോകളിലേക്കും ആദ്യഘട്ടത്തിൽ കൊറിയര്‍ സര്‍വീസ് നടത്തും. കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നഗരങ്ങളിലും ദേശീയപാതയ്ക്ക് സമീപത്തും പ്രവര്‍ത്തിക്കുന്ന 15 ഡിപ്പോകളിലെ കൊറിയര്‍ സര്‍വീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം മറ്റ് ഡിപ്പോകളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാകും പ്രവര്‍ത്തിക്കുക. നിലവിലുളള കൊറിയര്‍ സര്‍വീസ് കമ്പനികള്‍ക്കും കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സംവിധാനം പ്രയോജനപ്പെടുത്താൻ ആകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. മാത്രമല്ല പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ഫ്രാഞ്ചൈസികളും അനുവദിക്കും.