കേരളം

kerala

ETV Bharat / state

കെഎസ്‌ആർടിസി ശമ്പള വിതരണം; അനിശ്ചിതത്വം തുടരുന്നു - കെഎസ്‌ആർടിസി ശമ്പള വിതരണം

ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ സിപിഎം അനുകൂല തൊഴിലാളി സംഘടനയില്‍  അഭിപ്രായ ഭിന്നത രൂക്ഷം

കെഎസ്‌ആർടിസി

By

Published : Nov 24, 2019, 4:18 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ശനിയാഴ്‌ചയോടെ നല്‍കാമെന്ന വാഗ്‌ദാനവും പാഴ്‌വാക്കായി. ആദ്യം വിതരണം ചെയ്‌ത 50 ശതമാനം തുകയുടെ ബാക്കിയാണ് വിതരണം ചെയ്യാനുള്ളത്. ഒക്ടോബര്‍ മാസത്തെ ശമ്പള വിതരണത്തിന് 19 കോടി രൂപയാണ് ഇനിയും ആവശ്യമായത്.
ഈ മാസം എട്ടിന് സര്‍ക്കാര്‍ നല്‍കിയ 15 കോടിയും കളക്ഷന്‍ തുകയും ചേര്‍ത്താണ് പകുതി ശമ്പളം ജീവനക്കാര്‍ക്ക് നല്‍കിയത്. ബാക്കി തുക 22 ന് വിതരണം ചെയ്യുമെന്നാണ് മാനേജ്‌മെന്‍റ് പ്രഖ്യാപനം. എന്നാല്‍ തുക തികയാത്തതിനാല്‍ ഡ്രൈവര്‍, കണ്ടക്‌ടര്‍ വിഭാഗത്തിന് മാത്രമേ ശമ്പളം നല്‍കാന്‍ കഴിയൂവെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചിരുന്നു. കളക്ഷന്‍ തുകയില്‍ നിന്നും ശമ്പളം നല്‍കാനായിരുന്നു തീരുമാനമെങ്കിലും അതും പ്രാവര്‍ത്തികമായില്ല.

അവശേഷിക്കുന്ന 50 ശതമാനം തുക നല്‍കാന്‍ ആകെ 37 കോടി രൂപ വേണം. അതില്‍ ഡ്രൈവര്‍, കണ്ടക്‌ടര്‍ വിഭാഗത്തിനു മാത്രമായി 23 കോടിയാണ് വേണ്ടത്. നവംബര്‍ മാസത്തിലെ കളക്ഷനില്‍ കെഎസ്ആര്‍ടിസിയുടെ പക്കല്‍ 18 കോടി മാത്രമാണ് ശേഷിക്കുന്നത്. എല്ലാവിഭാഗത്തിനും ശമ്പളം പൂര്‍ത്തിയാക്കണമെങ്കില്‍ ഒരുകോടിയിലധികം വേറെ കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് ശമ്പളവിതരണം തത്കാലം നിര്‍ത്തിവച്ചത്. ഡിസംബര്‍ മാസത്തെ ആദ്യ ദിനങ്ങളിലെ കളക്ഷനും കൂടി ചേര്‍ത്ത് ശമ്പളം വിതരണം ചെയ്യാനാണ് ആലോചനയെങ്കിലും അപ്പോഴേയ്ക്കും നവംബര്‍ മാസത്തെ ശമ്പളം നല്‍കേണ്ട സമയമാകും.

അതേസമയം ശമ്പളപ്രതിസന്ധിയില്‍ ആശയക്കുഴപ്പത്തിലാണ് സിപിഎം അനുകൂല തൊഴിലാളി സംഘടന. മാനേജ്‌മെന്‍റുമായി നടത്തിയ ചര്‍ച്ചയില്‍ ശനിയാഴ്‌ച ശമ്പളം നല്‍കാമെന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ഓഫീസിനു മുന്നില്‍ നടത്തിവന്ന ഉപരോധ സമരം അവര്‍ അവസാനിപ്പിച്ചത്. എന്നാല്‍ ശമ്പളം മുടങ്ങിയതോടെ നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നത ശക്തമായി. കഴിഞ്ഞ ദിവസം പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ സിഐടിയു നേതാവ് തന്നെ നിരാഹാരസമരം നടത്തിയിരുന്നു. ജീവനക്കാരുടെ അതൃപ്‌തി പരസ്യമായതോടെ തുടര്‍സമരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് സിപിഎം അനുകൂല തൊഴിലാളി സംഘടന.

ABOUT THE AUTHOR

...view details