തിരുവനന്തപുരം:കെഎസ്ആര്‍ടിസി (KSRTC) ജീവനക്കാർക്ക് ജൂണ്‍ മാസത്തെ ശമ്പളവും കുടിശിക വരുത്തിയ രണ്ട് മാസത്തെ പെൻഷനും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭരണ - പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സിഎംഡി ബിജു പ്രഭാകറിന്‍റെ ഓഫിസ് ഉപരോധിച്ചു. ഭരണപക്ഷ സംഘടനയായ കെഎസ്ആർടിഇഎ (സിഐടിയു) പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് (ഐഎൻടിയുസി) എന്നിവരാണ് കിഴക്കേകോട്ടയിലെ കെഎസ്ആർടിസി ചീഫ് ഓഫീസിലെ സിഎംഡിയുടെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ബിജു പ്രഭാകറിന്‍റെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
തുടർന്ന് പ്രവർത്തകർ ഓഫിസിന് പുറത്ത് നിലയുറപ്പിച്ച് മുദ്രാവാക്യം മുഴക്കി. അതേസമയം, ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി കെഎസ്ആർടിഇഎ (KSRTEA) ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു. സർക്കാർ നൽകിയ 30 കോടി രൂപയും കെഎസ്ആർടിസിയുടെ കൈവശമുള്ള തുകയും ഉപയോഗിച്ചാകും ആദ്യ ഗഡു നൽകുന്നത്.
രാപ്പകൽ അധ്വാനിക്കുകയും സമരം ചെയ്‌താൽ മാത്രം ശമ്പളം നൽകും എന്ന സ്ഥിതിയിലേക്ക് കെഎസ്ആർടിസിയെ മാറ്റിയെടുക്കുന്ന ആരാചാരമായി മാറ്റിയിരിക്കുകയാണ് മാനേജ്മെന്‍റെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നതുവരെ തങ്ങൾ രാഷ്ട്രീയം മറന്ന് മാനേജ്മെന്‍റ് നടപടിക്കെതിരെ പോരാടുമെന്ന് ടിഡിഎഫ് (TDF) വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ പറഞ്ഞു.
അടിയന്തരമായി ശമ്പളം നൽകിയില്ലെങ്കിൽ ബുധനാഴ്‌ച മുതൽ ചീഫ് ഓഫിസിനു മുന്നിൽ ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള സമരമുറകൾ സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ നടത്തും. കഴിഞ്ഞ മാസം 195 കോടിയോളം രൂപ വരുമാനമായി ലഭിച്ചിട്ടും ശമ്പളം കൊടുക്കാത്തത് മാനേജ്മെന്‍റിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ മനസില്ല എന്നാണ് വ്യക്തമാക്കുന്നത്. ഓണക്കാലത്ത് ഉള്ളതിനേക്കാൾ വരുമാനം അധികമായി ലഭിച്ചിട്ടും ശമ്പളം നൽകാത്തതിൽ ഒരു ന്യായവും ഇല്ല.