തിരുവനന്തപുരം: കെഎസ്ആര്‍ടിസി (KSRTC) യില്‍ ശമ്പളം നൽകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നൽകിയ തീയതി ഇന്ന് അവസാനിക്കും. ശമ്പളം നൽകാനായി ധനവകുപ്പ് (finance department) 40 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ജീവനകാര്‍ക്ക് ഇന്നലെ വൈകിയും ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം ലഭിച്ചില്ലെങ്കില്‍ വരുന്ന ശനിയാഴ്‌ച പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയനുകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഓണത്തിന് അലവന്‍സ് തുക നിശ്ചയിക്കാനാണ് ഇന്ന് തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്‍റും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. 2750 രൂപ അലവന്‍സ് വേണമെന്നായിരുന്നു തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓണം പോലെ അലവന്‍സ് ഇല്ലാത്ത സാഹചര്യം ഒഴിവാക്കണമെന്നും അലവന്‍സ് തീര്‍ച്ചയായും നൽകണമെന്നും മാനേജ്‌മെന്‍റിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നത്തെ ചര്‍ച്ചയിലാകും അലവന്‍സ് തുക എത്രയാകുമെന്ന് വ്യക്തമാവുക. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റിന് നിര്‍ദ്ദേശം നൽകിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നൽകിയ ഉറപ്പുകള്‍ പാലിച്ചാല്‍ മാത്രമേ പണിമുടക്ക് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കൂ എന്നായിരുന്നു കഴിഞ്ഞ തവണ നടന്ന മന്ത്രിതല ചര്‍ച്ചയില്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധകള്‍ വ്യക്തമാക്കിയിരുന്നത്.
ഇന്ന് വൈകിട്ട് നാല് മണിക്കാണ് ചര്‍ച്ച. ധനവകുപ്പ് അനുവദിച്ച 40 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷമായിരിക്കും തുക ജീവനകാര്‍ക്ക് വിതരണം ആരംഭിക്കുക. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതിനാല്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.