തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ജീവനക്കാര്‍ക്ക് സെപ്‌റ്റംബര്‍ മാസത്തെ ശമ്പളം നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. കഴിഞ്ഞ മാസത്തെ രണ്ടാം ഗഡു വൈകുന്നതില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ധനവകുപ്പ് തുക അനുവദിച്ചത്. ധനവകുപ്പ് കൈമാറുന്ന തുക ഉടന്‍ കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും (KSRTC Salary Issue).
രണ്ടാം ഗഡു ശമ്പളം വിതരണം ചെയ്യുന്നതിനായുള്ള ബാക്കി തുക കൂടി സമാഹരിച്ച് സെപ്‌റ്റംബര്‍ മാസത്തെ ശമ്പള വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ്. 40 കോടി രൂപയാണ് രണ്ടാം ഗഡു വിതരണത്തിനായി വേണ്ടത്. കെഎസ്ആർടിസി തൊഴിലാളികളും പെൻഷൻകാരും കുടുംബവും കേരളീയം പരിപാടി ബഹിഷ്‌കരിക്കും എന്നുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സർക്കാർ സഹായമായി 20 കോടി കൂടി ധനവകുപ്പ് അനുവദിച്ചത് (Salary Issues Of KSRTC).
27 കോടി രൂപയോളം കേരളീയം പരിപാടിക്കായി പൊടിപൊടിച്ചിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാത്തത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്. ശമ്പളം മാത്രമല്ല 40,000 പെൻഷൻകാരുടെ പെൻഷനും കഴിഞ്ഞ 2 മാസമായി മുടങ്ങി കിടക്കുകയാണ്. പെൻഷൻ വിതരണത്തിനായി 142 കോടി രൂപയാണ് വേണ്ടത്. എല്ലാ മാസവും 5-ാം തീയതിയ്‌ക്ക് ആദ്യ ഗഡുവും 15ന് രണ്ടാം ഗഡുവും നൽകുമെന്നായിരുന്നു മാനേജ്മെന്‍റും മുഖ്യമന്ത്രിയും തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പ് (Finance Department's Financial Assistance To KSRTC).