തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം കാറ്റിൽപ്പറത്തി മാനേജ്മെന്‍റ്. ജീവനക്കാർക്ക് പത്താം തീയതിയായിട്ടും ജനുവരി മാസത്തെ ശമ്പളം നൽകിയിട്ടില്ല. മുഖ്യമന്ത്രി നൽകിയ ഉറപ്പ് മാനേജ്മെന്‍റ് പാലിക്കാത്തതിൽ തൊഴിലാളി യൂണിയനുകളും കടുത്ത അതൃപ്‌തിയിലാണ്.
ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി ഈ മാസം 30 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 20 കോടി രൂപ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റ് ധനവകുപ്പിന് കത്തയച്ചിരുന്നു. ഒരു മാസത്തെ ശമ്പള വിതരണത്തിനായി 87 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്.
ധനവകുപ്പ് 20 രൂപ കൂടി അനുവദിച്ചാൽ ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുത്ത് കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാനാകും. പ്രതിദിന കലക്ഷൻ വരുമാനം ഡീസൽ അടക്കമുള്ള മറ്റ് അത്യാവശ്യ ചെലവുകൾക്ക് വിനിയോഗിക്കുന്നതിനാലാണ് ശമ്പള വിതരണത്തിനായി ധനവകുപ്പിനോട് സഹായം അഭ്യർഥിക്കുന്നതെന്നാണ് മാനേജ്മെന്‍റ് വാദം.
അതേസമയം കെഎസ്ആർടിസിക്ക് സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ നിലപാടായിരിക്കാം അതെന്നും മന്ത്രി പറഞ്ഞു.
പൂട്ടിക്കോളാൻ ഹൈക്കോടതി:ശമ്പള വിതരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന മുഖ്യമന്ത്രി തല ചർച്ചയിൽ ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചിന് ശമ്പളം നൽകുമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഈ ഉറപ്പെല്ലാം കാറ്റിൽപ്പറത്തുകയാണ് മാനേജ്മെന്‍റ്. അതേസമയം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചു.
എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നല്‍കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. എല്ലാ മാസവും 10ന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്‍റെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളാന്‍ കെഎസ്ആർടിസിക്ക് ഹൈക്കോടതി താക്കീത് നൽകി.
ബുധനാഴ്‌ചയ്ക്കകം ശമ്പളം നല്‍കാനായി നിര്‍ദേശിച്ച് കൊണ്ടായിരുന്നു താക്കീത്. ബുധനാഴ്‌ചക്കകം ശമ്പളം നല്‍കുമെന്ന് മാനേജ്‌മെന്‍റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷത്തോളം വരുന്ന യാത്രക്കാരെ ബാധിക്കുമെന്ന് കെഎസ്ആര്‍ടിസി പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടുമെന്നായിരുന്നു കോടതിയുടെ മറുപടി.
അതേസമയം ഡിസംബർ മാസത്തെ ശമ്പളം നൽകാൻ മാനേജ്മെന്‍റ് വൈകിയതിൽ പ്രതിഷേധിച്ച് യൂണിയനുകൾ സമരവുമായി രംഗത്തെത്തിയിരുന്നു. തമ്പാനൂരിലെ ചീഫ് ഓഫിസിന് മുന്നിൽ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരവും നടത്തി. ബിഎംഎസിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.
ബജറ്റിൽ 131 കോടി: കെഎസ്ആർടിസിക്ക് 131 കോടി രൂപ സഹായം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. കെഎസ്ആർടിസി വാഹനങ്ങളുടെ നവീകരണത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 75 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 50 കോടി രൂപയായിരുന്ന തുകയാണ് 75 കോടി രൂപയാക്കി വർധിപ്പിച്ചിരിക്കുന്നത്.