തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ നവംബര്‍ മാസത്തെ ശമ്പളവും രണ്ട് തവണയായി നല്‍കും. ശമ്പളത്തിന്‍റെ 70 ശതമാനം നല്‍കുന്നതിന് മാത്രമാണ് മാനേജ്‌മെന്‍റിന്‍റെ കൈയ്യില്‍ പണം ഉണ്ടായിരുന്നത്. ശമ്പളം പൂര്‍ണമായി നല്‍കാന്‍ ഇനി 22.37 കോടി രൂപ കൂടി വേണ്ടി വരും. സര്‍ക്കാര്‍ സഹായമായ 20 കോടിയും ദൈനംദിന കലക്ഷനും ചേര്‍ത്താണ് കഴിഞ്ഞ ദിവസം ശമ്പളം നല്‍കിയത്.
കെഎസ്‌ആര്‍ടിസിയില്‍ നവംബര്‍ മാസത്തെ ശമ്പളവിതരണവും രണ്ട് തവണയായി - കെഎസ്‌ആര്‍ടിസി അനിശ്ചിതകാല സമരം
സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒരാഴ്‌ച പിന്നിട്ടു.
ഒക്‌ടോബര്‍ മാസത്തെ ശമ്പളം രണ്ട് തവണയായിട്ടായിരുന്നു വിതരണം ചെയ്‌തത്. കൂടുതല്‍ സഹായം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാനാണ് മാനേജ്‌മെന്‍റിന്‍റെ ശ്രമം. സര്‍ക്കാര്‍ സഹായത്തിന് പുറമെ 52.37 കോടിയാണ് ശമ്പളവിതരണത്തിന് അധികമായി കണ്ടെത്തേണ്ടത്. 188.49 കോടിയാണ് ഒക്‌ടോബര്‍ മാസത്തെ ആകെ വരുമാനം. ഡീസല്‍ ഇനത്തിലെ 83.43 കോടിയും ശമ്പള ഇനത്തിലെ 80.69 കോടിയും ഉള്‍പ്പെടെ 271.83 കോടിയാണ് മൊത്തം ചെലവ്. അതായത് വരുമാനവും ചെലവും തമ്മില്‍ 83.34 കോടിയുടെ വ്യത്യാസം. ഒക്‌ടോബര്‍ മാസം ബാക്കി നിന്ന ശമ്പളം നല്‍കാന്‍ നവംബര്‍ മാസത്തെ വരുമാനത്തില്‍ നിന്ന് 52.96 കോടിയും എടുത്തിരുന്നു. പെന്‍ഷന്‍ തുകയായ 61.50 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്നതിന് പുറമെയാണ് ഈ ചെലവുകള്‍.
തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതിനെതിരെ ജീവനക്കാരില്‍ നിന്നും വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. മുടക്കം കൂടാതെ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷനും (സിഐടിയു) പ്രതിപക്ഷ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടും (ഐഎന്‍ടിയുസി) സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒരാഴ്‌ച പിന്നിട്ടു. ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍(എഐടിയുസി) ഇന്ന് മുതല്‍ സമരം ആരംഭിക്കും.