തിരുവനന്തപുരം :കെഎസ്ആർടിസി (KSRTC) ജീവനക്കാർക്ക് ഓഗസ്‌റ്റ് മാസത്തിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകേണ്ട സമയപരിധി അടുക്കുംതോറും ആദ്യ ഗഡു പോലും വിതരണം ചെയ്യാതെ മാനേജ്മെന്‍റ് (KSRTC Salary crisis). സാമ്പത്തിക പ്രതിസന്ധി (Financial crisis) നിലനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാമെന്നും ആദ്യ ഗഡു അഞ്ചിനും രണ്ടാം ഗഡു 15നും നൽകാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും (Chief Minister Pinarayi Vijayan) കെഎസ്ആർടിസി മാനേജ്മെന്‍റും ജീവനക്കാർക്ക് നൽകിയ ഉറപ്പ്. എന്നാൽ, കഴിഞ്ഞ ഓണനാളുകളിൽ റെക്കോർഡ് വരുമാനം നേടിയിട്ടും ശമ്പളത്തിന്‍റെ കാര്യത്തിൽ മാനേജ്മെന്‍റ് അലംഭാവം തുടരുകയാണ്.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട ധാരണകൾ തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഭരണാനുകൂല സംഘടന ഉൾപ്പടെയുള്ളവ സമരത്തിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം. മാത്രമല്ല, ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ സെപ്‌റ്റംബർ നാല് തിങ്കളാഴ്‌ച സർവകാല റെക്കോർഡായ 8.79 കോടി രൂപ ലഭിക്കുകയും ചെയ്‌തു.
224 കോടി രൂപയാണ് ഓഗസ്‌റ്റ് മാസത്തെ കെഎസ്ആർടിസിയുടെ ആകെ വരുമാനം. റെക്കോർഡ് വരുമാനം ലഭിച്ചിട്ടും ജീവനക്കാരെ പട്ടിണിക്കിടുന്ന നിലപാടാണ് മാനേജ്‌മെന്‍റിന്‍റേതെന്നാണ് ജീവനക്കാരുടെ പ്രതികരണം. ആദ്യ ഗഡു അഞ്ചിന് നൽകുമെന്ന ധാരണ നിലനിൽക്കെ തീയതി 11 ആയിട്ടും ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടില്ല.
ശമ്പള വിതരണത്തിനായി 80 കോടി രൂപയാണ് ധനവകുപ്പിനോട് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ധനവകുപ്പ് കെഎസ്ആർടിസിയുടെ അപേക്ഷ പരിഗണിച്ചിട്ടുപോലുമില്ലെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ, ഉടൻതന്നെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്യുമെന്നാണ് മാനേജ്മെന്‍റ് അറിയിക്കുന്നത്.
കെഎസ്ആർടിസിയിൽ നിലവിൽ നിലനിൽക്കുന്നത് സമരം ചെയ്‌താലേ ശമ്പളം നൽകുള്ളൂവെന്ന സ്ഥിതിയാണെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ, ശമ്പളം നൽകാൻ മാർഗമില്ലെങ്കിലും 151 പുതിയ ബസുകൾ വാങ്ങാൻ ഒരുങ്ങുകയാണ് മാനേജ്മെന്‍റ്. പദ്ധതി വിഹിതമായി സർക്കാർ നൽകിയ 75 കോടി രൂപ ഉപയോഗിച്ചാണ് പുതിയ ബസുകൾ വാങ്ങുക.