തിരുവനന്തപുരം :കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷം. സര്‍ക്കാര്‍ പൂര്‍ണമായി കൈയൊഴിഞ്ഞുവെന്ന് യൂണിയനുകള്‍ ആരോപിച്ചു. ഇന്ന് അര്‍ധരാത്രിയ്ക്കകം (മെയ് 10) ശമ്പളം വിതരണം ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകള്‍ അറിയിച്ചു.
ഇന്ന് ശമ്പളം വിതരണം ചെയ്യാമെന്നായിരുന്നു തൊഴിലാളി യൂണിയനുകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയും ഗതാഗതമന്ത്രിയും നല്‍കിയ ഉറപ്പ്. എന്നാല്‍ ഇത് പാലിക്കാന്‍ മാനേജ്‌മെന്‍റിനാകാതായതോടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്നും ശമ്പളമില്ല.
ശമ്പളവിതരണത്തിന് നല്‍കിയ 30 കോടിയില്‍ നിന്നും അധികമായി ഇനി ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജുവും സൂചന നല്‍കിയതോടെ സര്‍ക്കാരും പൂര്‍ണമായും കെ.എസ്.ആര്‍.ടി.സിയെ കൈയൊഴിഞ്ഞ സ്ഥിതിയാണ്. പണിമുടക്കില്‍ നിന്നും പിന്മാറാനാണ് പത്താം തീയതി ശമ്പളം നല്‍കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയത്.
READ MORE:മെയ് 10 നും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളമില്ല ; വാക്ക് പാലിക്കാതെ മാനേജ്മെന്‍റ്
എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാതെ പണിമുടക്കിലേക്ക് പോയ സാഹചര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും 100 പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ് കെ.എസ്.ആര്‍.ടി.സിയെന്നുമാണ് മന്ത്രി ആന്‍റണി രാജു നിലപാട് അറിയിച്ചത്. ശമ്പളവിതരണത്തിന് വായ്‌പയ്‌ക്കായുള്ള ശ്രമങ്ങളിലാണ് മാനേജ്‌മെന്‍റ്.