തിരുവനന്തപുരം :ഓണക്കാല സർവീസുകളിൽ കെഎസ്ആർടിസി വൻ നേട്ടം കൊയ്‌തിട്ടും ജീവനക്കാർക്ക് അഞ്ചാം തീയതി കഴിഞ്ഞിട്ടും ശമ്പളമില്ല (KSRTC Salary Crisis). ഓഗസറ്റ് 26 മുതൽ സെപ്റ്റംബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയാണ് കെഎസ്ആർടിസിയുടെ കലക്ഷൻ വരുമാനം.
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ സെപ്‌റ്റംബർ 4 തിങ്കളാഴ്‌ച സർവകാല റെക്കോർഡ് ആയ 8.79 കോടി രൂപയും ലഭിച്ചിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ റെക്കോർഡ് വരുമാനം ലഭിച്ചിട്ടും ജീവനക്കാർക്ക് ഓഗസ്‌റ്റ് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ഇതുവരെ നൽകിയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ച പ്രകാരം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ചർച്ചയ്ക്ക് പിന്നാലെ ഒന്നോ രണ്ടോ മാസം കൃത്യമായി ശമ്പളം നൽകിയെന്നല്ലാതെ തുടർന്നിങ്ങോട്ട് ജീവനക്കാർക്ക് കൃത്യമായി വേതനം നൽകിയിട്ടില്ല.
നിലവിൽ ഓണക്കാലത്ത് സർവകാല റെക്കോർഡ് വരുമാനം ലഭിച്ചിട്ടും ശമ്പളം നൽകാത്തതിൽ ജീവനക്കാരും തൊഴിലാളി സംഘടനകളും കടുത്ത അതൃപ്‌തിയിലാണ്. 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29ന് 4.39 കോടി, 30 ന് 6.40 കോടി, 31 ന് 7.11 കോടി, സെപ്‌റ്റംബർ 1 ന് 7.79 കോടി, 2 ന് 7.29 കോടി, 3 ന് 6.92 കോടി എന്നിങ്ങനെയാണ് ഓണക്കാലത്തെ കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം.
കെഎസ്ആർടിസി മാനേജ്മെന്‍റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്ന് സിഎംഡി ബിജു പ്രഭാകർ അഭിപ്രായപ്പെട്ടിരുന്നു. ജീവനക്കാരെ സിഎംഡി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ശമ്പളം മാത്രം നൽകിയിട്ടില്ല.
അവധി ഉപേക്ഷിച്ച് ജോലിക്കിറങ്ങിയവരോട് കാട്ടുന്ന കടുത്ത അനീതിയാണിതെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രതികരണം. റെക്കോർഡ് വരുമാനം ഉണ്ടായിട്ടും പക്ഷേ ഫലമില്ല. പതിവ് തെറ്റിക്കാതെ ഇക്കുറിയും ശമ്പള വിതരണത്തിന് ധനവകുപ്പിന്‍റെ സഹായം തേടുകയാണ് മാനേജ്മെന്‍റ്. 80 കോടി രൂപയാണ് ധനവകുപ്പിനോട് മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ധനവകുപ്പ് കെഎസ്ആർടിസിയുടെ അപേക്ഷ പരിഗണിച്ചിട്ടുപോലുമില്ല.
ALSO READ:KSRTC Assets Examination: കെഎസ്ആർടിസിയുടെ ആസ്‌തികൾ മൂല്യനിർണയം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി
ആസ്‌തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി : കെഎസ്ആർടിസിയുടെ ആസ്‌തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ് (KSRTC Assets Examination High Court Order). സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ മാസം കോടതി നിര്‍ദേശിച്ചു.
ഇതിനൊപ്പം വായ്‌പയ്‌ക്കായി പണയം വച്ചിട്ടുള്ള ആസ്‌തികളുടെ വിശദാംശങ്ങളും നൽകണം. കെഎസ്ആർടിസിയുടെ ആസ്‌തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണമെന്നും ഹൈക്കോടതി കോർപറേഷൻ എംഡിയോട് നിർദേശിച്ചു.