തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവായി. കണ്ടക്‌ടര്‍ / ഡ്രൈവർ വിഭാഗം ജീവനക്കാർ വീണ്ടും കാക്കിയിലേക്ക് മടങ്ങും(KSRTC Reverted Employee Uniform To Khaki). നിലവില്‍ നീല യൂണിഫോം ധരിക്കുന്ന പുരുഷന്മാരായ കണ്ടക്‌ടർ /ഡ്രൈവർ ജീവനക്കാർക്ക് ഇനിമുതല്‍ കാക്കി പാന്‍റുകളും കാക്കി ഹാഫ് കൈ ഷർട്ടുമാകും വേഷം. വനിതാ കണ്ടക്‌ടർക്ക് കാക്കി ചുരിദാറും ഓവർകോട്ടുമാകും യൂണിഫോം. ഇനിമുതല്‍ യൂണിഫോമിൽ നെയിം ബോർഡും (Name Board) ഉണ്ടാകും.
സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്‌മാൻ വിഭാഗങ്ങളിലെ ജീവനക്കാർക്ക് കാക്കി പാന്‍റിനും ഹാഫ് സ്ലീവ് ഷർട്ടിനുമൊപ്പം ഷോൾഡർ ഫ്ലാപ്പിൽ കാറ്റഗറിയും രേഖപ്പെടുത്തണം. ഇൻസ്പെക്‌ടർ ജീവനക്കാർ കാക്കി സഫാരി സ്യൂട്ടും, കോർപ്പറേഷന്‍റെ എംബ്ലവും പേരും തസ്‌തികയും രേഖപ്പെടുത്തിയ ഫലകവും ധരിക്കണം. ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ വിഭാഗം ജീവനക്കാർ കാക്കി പാന്‍റിനും ഹാഫ് സ്ലീവ് ഷർട്ടിനുമൊപ്പം ഷോൾഡർ ഫ്ലാപ്പിൽ രണ്ട് നീല ഫ്ലിപ്പുകൾ, കോർപ്പറേഷന്‍റെ എംബ്ലവും പേരും തസ്‌തികയും രേഖപ്പെടുത്തിയ ഫലകം എന്നിവയും ധരിക്കണം.
മെക്കാനിക്ക്, പമ്പ് ഓപ്പറേറ്റർ, ടയർ ഇൻസ്പെക്‌ടർ, ടയർ റീ ട്രെഡർ വിഭാഗം ജീവനക്കാർ എന്നിവര്‍ക്ക് നേവി ബ്ലൂ പാന്‍റുകളും ഹാഫ് സ്ലീവ് ഷർട്ടുമാണ് യൂണിഫോം. സ്റ്റോർ സ്റ്റാഫ് വിഭാഗം പുരുഷ ജീവനക്കാർ നേവി ബ്ലൂ പാന്‍റ്സും ഷർട്ടും ധരിക്കണം. ഇതേ വിഭാഗത്തില്‍ വനിതകൾക്ക് നേവി ബ്ലൂ സാരിയും ബ്ലൗസും അല്ലെങ്കിൽ ചുരിദാർ ആണ് യൂണിഫോം. അതേസമയം പ്യൂൺ വിഭാഗം ജീവനക്കാരെ യൂണിഫോം ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കി.