കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിക്കുന്നു എന്ന് ഗതാഗതമന്ത്രി തിരുവനന്തപുരം:കെഎസ്ആർടിസിയുടെ വരുമാനം വർധിക്കുന്ന ട്രെൻഡാണ് നിലവിൽ കാണുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇതേസ്ഥിതി തുടർന്നാൽ കെഎസ്ആർടിസി സ്വയം പര്യാപ്‌തമാകുമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ കോൺഫറൻസ് ആൻഡ് എക്സ്പോ 2023 (ഇവോൾവ്) പരിപാടിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ശമ്പളം കൃത്യമായി കൊടുക്കുന്നു: സർവീസുകളുടെ എണ്ണം 3000ത്തിൽ നിന്ന് 4000ത്തിലേക്ക് കടന്നു. പഴയതുപോലെ ഇപ്പോൾ ശമ്പളം മുടങ്ങുന്നില്ല. അഞ്ചിന് തന്നെ ശമ്പളം കൊടുക്കാൻ സാധിക്കുന്നില്ലെങ്കിലും അതാത് മാസങ്ങളിൽ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ട്. റെക്കോർഡ് കലക്ഷൻ കെഎസ്ആർടിസിക്ക് ലഭിക്കുമ്പോഴും എന്തുകൊണ്ടാണ് കൃത്യമായി ശമ്പളം നൽകാത്തതെന്ന ചോദ്യം അപ്രസക്തമാണ്.
ഇൻഷുറൻസിനടക്കേണ്ട 30 കോടി രൂപ എല്ലാ മാസവും കളക്ഷൻ തുകയിൽ നിന്നാണ് അടക്കുന്നത്. ഈ വർഷം കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി ഇലക്ട്രിക് ബസുകൾ വാങ്ങി. 50 ബസുകൾക്ക് ഓർഡർ നൽകി. 40 ബസുകൾ ലഭിച്ചു. 10 ബസുകൾ ഉടൻ ലഭിക്കും.
ആരോപണം തള്ളി മന്ത്രി: തമ്പാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സജികുമാർ ആത്മഹത്യ ചെയ്‌തത് ശമ്പളം ലഭിക്കാത്തത് മൂലമാണെന്ന ആരോപണം മന്ത്രി തള്ളി. അത്തരമൊരു ആരോപണം സജികുമാറിന്‍റെ കുടുംബം ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിതുര കരിപ്പാലം സ്വദേശി സജികുമാർ (52)നെയാണ് വീടിനുള്ളിലെ ആത്മഹത്യ ചെയ്‌ത നിലയിൽ ചൊവ്വാഴ്‌ച രാവിലെ കണ്ടത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് യഥാസമയം ശമ്പളം ലഭിക്കാത്തത് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു സഹപ്രവർത്തകരുടെ ആരോപണം. സജികുമാറിന്‍റെ മൃതദേഹവുമായി കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിനു മുന്നിലെ സമരപന്തലിൽ എത്തി സഹപ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
ഇന്‍റര്‍നാഷണല്‍ കോൺഫറൻസ് ആൻഡ് എക്സ്പോ: അതേസമയം സംസ്ഥാനത്ത് ഹരിത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്നതും ഇലക്ട്രിക് വാഹനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഭാഗമായി മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ കോൺഫറൻസ് ആൻഡ് എക്സ്പോ 2023 (ഇവോൾവ്) 19 മുതൽ 21 വരെ നടക്കും.
ഹയാത്ത് റീജെൻസി ഹോട്ടലിൽ ഇന്‍റര്‍നാഷണല്‍ കോൺഫറൻസും തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ വെഹിക്കിൾ എക്സ്പോയും നടക്കും. പരിപാടിയുടെ ഉദ്‌ഘാടനം നാളെ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വെഹിക്കിൾ എക്സ്പോയിൽ ഇലക്ട്രിക് ഹരിത ഇന്ധന വാഹങ്ങളുടെ പ്രദർശനത്തിന്‍റെ വിവിധ സ്റ്റാളുകൾ, ഫിനാൻഷ്യൽ അസിസ്റ്റൻസ്/അഡ്‌വൈസ് എന്നിവയ്ക്കായി ബാങ്ക് ശാഖാ കൗണ്ടർ, ഫുഡ് കോർട്ട് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.