തിരുവനന്തപുരം : അടിമുടി രൂപമാറ്റവുമായി കെഎസ്ആർടിസി പെട്രോൾ പമ്പുകൾ ഇനി പൊതുജനങ്ങളിലേക്കും. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസിയുടെ യാത്ര ഫ്യുവൽസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
പദ്ധതി വഴി വരുമാന വർധനവ്
സംസ്ഥാനത്തെ പൊതുമേഖലകളെ സംരക്ഷിക്കുകയാണ് സർക്കാർ നയം. രാജ്യത്ത് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന സമയത്താണ് കെഎസ്ആർടിസി ഇത്തരമൊരു ഉദ്യമത്തിലേക്ക് കടന്നതെന്നും മന്ത്രി അഭിനന്ദിച്ചു. ഒരു രൂപ പോലും ചിലവില്ലാതെ ഒരു മാസം മൂന്ന് കോടി ലാഭം ലഭിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ആദ്യഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്ന എട്ട് പമ്പുകൾക്ക് പുറമേ ഏഴ് പമ്പുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വലിയ പ്രതീക്ഷ നൽകുന്ന മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ നടക്കുന്നതെന്ന് ആദ്യവില്‍പ്പന നിർവഹിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കെഎസ്ആർടിസി നടത്തുന്ന പുതിയ സംരംഭങ്ങൾ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി മാതൃകയാക്കണമെന്ന് യാത്ര ഫ്യുവൽസിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്ത് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെന്‍റർ മേയർ ആര്യ രാജേന്ദ്രനും എൻജിൻ ഓയിൽ സർവീസ് സെന്‍റർ കൗൺസിലർ സിമി ജ്യോതിഷും ഉദ്ഘാടനം ചെയ്തു.