കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസം; പലിശയെച്ചൊല്ലി തർക്കം തീരാതെ ധനവകുപ്പും സഹകരണ വകുപ്പും

രണ്ട് മാസമായി പെൻഷൻ മുടങ്ങിയതോടെ കെഎസ്ആർടിസി മുൻ ജീവനക്കാർ കോടതിയലക്ഷ്യ ഹർജി നൽകി. ധന-സഹകരണ വകുപ്പുകളുടെ തർക്കം പരിഹരിക്കാൻ മന്ത്രിമാർ പലതവണ മുന്നിട്ടിറങ്ങിയെങ്കിലും ധാരണയായിരുന്നില്ല

KSRTC Pension is pending  കെഎസ്ആർടിസി പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസം  പലിശയെച്ചൊല്ലി തർക്കം തീരാതെ ധന സഹകരണ വകുപ്പ്  കെഎസ്ആർടിസി മുൻ ജീവനക്കാർ കോടതിയലക്ഷ്യ ഹർജി  തർക്കം പരിഹരിക്കാൻ മന്ത്രിമാർ  കെഎസ്ആർടിസി  ശമ്പളം  KSRTC Salary
കെഎസ്ആർടിസി

By

Published : Apr 7, 2023, 12:52 PM IST

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള രണ്ട് മാസത്തെ പെൻഷൻ വിതരണം മുടങ്ങി. കടം നല്‍കുന്ന പണത്തിന്‍റെ പലിശയെച്ചൊല്ലി ധനവകുപ്പും സഹകരണ വകുപ്പും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് പെൻഷൻ മുടങ്ങാൻ കാരണം. കെഎസ്ആർടിസി മുൻ ജീവനക്കാർക്ക് സർക്കാർ ഉറപ്പിന്മേൽ സഹകരണ വകുപ്പാണ് പെൻഷൻ നൽകുന്നത്.

എട്ടേകാൽ ശതമാനം പലിശ നിരക്കിലാണ് സഹകരണ വകുപ്പ് പെൻഷൻ തുക നൽകുന്നത്. എന്നാൽ ഇത് ഒൻപത് ശതമാനമായി ഉയർത്തണമെന്ന ആവശ്യമാണ് സഹകരണ വകുപ്പ് മുന്നോട്ടുവെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പുമായി നില നിൽക്കുന്ന തർക്കമാണ് ജീവനക്കാരുടെ രണ്ട് മാസത്തെ പെൻഷൻ മുടങ്ങാൻ കാരണം. നിലവിലെ കരാർ പ്രകാരം ജൂൺ വരെ പലിശ നിരക്ക് കൂട്ടാനാകില്ലെന്നാണ് ധനവകുപ്പിൻ്റെ നിലപാട്.

ധനവകുപ്പിൻ്റെയും സഹകരണ വകുപ്പിൻ്റെയും തർക്കം കാരണം, കൃത്യമായി പെൻഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനം കൂടിയാണ് നടക്കുന്നത്. അതേസമയം രണ്ട് മാസമായി പെൻഷൻ മുടങ്ങിയതോടെ കെഎസ്ആർടിസി മുൻ ജീവനക്കാർ കോടതിയലക്ഷ്യ ഹർജിയും നൽകിയിരിക്കുകയാണ്. പെൻഷൻ വിതരണം ഈ ആഴ്‌ചയും നടക്കാൻ സാധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

Also Read:ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്‌ഫി റിമാൻഡില്‍, ആരോഗ്യനില തൃപ്‌തികരം, ജയിലിലേക്ക് മാറ്റും

ധന-സഹകരണ വകുപ്പുകളുടെ തർക്കം പരിഹരിക്കാൻ മന്ത്രിമാർ പലതവണ മുന്നിട്ടിറങ്ങിയെങ്കിലും ധാരണയായിരുന്നില്ല. എന്നാൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇപ്പോൾ കൃത്യം അഞ്ചാം തീയതി നൽകുന്നുണ്ട്. ഗഡുക്കളായാണ് ശമ്പളം നൽകുന്നത്. അഞ്ചാം തീയതി ആദ്യ ഗഡുവായ 50 ശതമാനവും സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് ബാക്കി 50 ശതമാനവും നൽകും. മാർച്ച് മാസത്തെ ശമ്പളം ബുധനാഴ്‌ച തന്നെ നൽകിയിരുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സർക്കാർ സഹായമായ 40 കോടി രൂപ കെഎസ്ആർടിസിക്ക് ധനവകുപ്പ് നൽകാനുണ്ടായിരുന്നു. ഈ തുക അനുവദിച്ചതിന് പിന്നാലെയാണ് ജീവനക്കാരുടെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌തത്. മാർച്ച് മാസത്തെ ധനസഹായം അടുത്ത ആഴ്‌ച തന്നെ ലഭിക്കുമെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന വിവരം. ഈ തുക ലഭിക്കുന്ന മുറയ്ക്ക് രണ്ടാം ഗഡുവായ 50 ശതമാനവും നൽകി മാർച്ച് മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കും.

മാർച്ച് മാസം 191 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം. 24 കോടി രൂപയാണ് ടിക്കറ്റേതര വരുമാനം. എന്നാൽ ഈ തുക ഡീസൽ- ഓയിൽ, കൺസോർഷ്യം വായ്‌പ തിരിച്ചടവ്, ഇൻഷുറൻസ്, മെഡിക്കൽ, പെൻഷൻ, മറ്റ് അലവൻസുകൾ, സാലറി റീ പേയ്‌മെന്‍റ്, ആക്‌സിഡന്‍റ് ക്ലെയിം (എംഎസിറ്റി), വൈദ്യുതി, വെള്ളം മറ്റ് ചെലവുകൾ എന്നിവയ്ക്കായി നൽകേണ്ടി വരുന്നതിനാലാണ് കളക്ഷൻ വരുമാനം ഉപയോഗിച്ച് ശമ്പളം നൽകാൻ കഴിയാത്തതെന്നാണ് മാനേജ്മെന്‍റ് വാദം.

Also Read: യേശു ദേവന്‍റെ ത്യാഗ സ്‌മരണയില്‍ ഇന്ന് ദുഃഖവെള്ളി; സന്ദേശം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ABOUT THE AUTHOR

...view details