തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ വിതരണത്തിനായുള്ള സഹകരണ കൺസോർഷ്യം രൂപവത്ക്കരണം ഉടൻ നടപ്പാകും. ഇതിനായുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ധനവകുപ്പ് സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി ഒപ്പിടേണ്ടത്. പലിശ 8.8 ശതമാനമായി നിശ്ചയിച്ചത് ധനവകുപ്പിന് രേഖാമൂലം കൈമാറിയിരുന്നില്ല. ഇതാണ് ധാരണാപത്രം വൈകാൻ കാരണമായത്.
ഒരു വർഷത്തേക്കാണ് ധാരണാപത്രം. ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ അഞ്ചുദിവസത്തിനകം പെൻഷൻ വിതരണം ചെയ്യാനാകും. 150 കോടി രൂപയാണ് നവംബർ, ഡിസംബർ മാസങ്ങളിലെ പെൻഷൻ വിതരണത്തിനായി വേണ്ടത്. കേരളബാങ്ക് പ്രാഥമിക സംഘങ്ങളിൽ നിന്ന് തുക സമാഹരിച്ച് പെൻഷൻകാർക്ക് നൽകുകയും സർക്കാർ 8.8 ശതമാനം പലിശസഹിതം തിരിച്ചടയ്ക്കുകയും ചെയ്യും.
ശമ്പളം വിതരണം ചെയ്തു:കെഎസ്ആർടിസി ജീവനക്കാർക്ക് നവംബർ മാസത്തിലെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്തു. ഇതിനായി 38 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ കെഎസ്ആർടിസി വിഹിതം 8 കോടിയാണ്. സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ രണ്ടാം ഗഡു വിതരണം ചെയ്യാനാകൂവെന്നാണ് മാനേജ്മെന്‍റ് നിലപാട്.
അതേസമയം നവംബർ മാസത്തിൽ കെഎസ്ആർടിസിക്ക് 308 കോടി രൂപ വരുമാനം ലഭിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ മാസ വരുമാനം 260 കോടി രൂപ നേടാനായാൽ സ്വയം പര്യാപ്തമാകും എന്ന ലക്ഷ്യവുമായാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നതെന്നും ശബരിമല മണ്ഡലകാല സ്പെഷ്യൽ സർവീസുകളുടേതുൾപ്പെടെ നവംബർ മാസത്തെ കെഎസ്ആർടിസിയുടെ വരുമാനം 210.27 കോടി രൂപയാണെന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ALSO READ : കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി ; 90 കോടി അനുവദിച്ച് ധനവകുപ്പ്, പെന്‍ഷന്‍ വിതരണത്തിന് 70.22 കോടി