കേരളം

kerala

ETV Bharat / state

'പ്രതിഷേധങ്ങള്‍ക്കിടെ ശമ്പളമെത്തി'; യൂണിയന്‍ എതിര്‍പ്പ് വകവയ്‌ക്കാതെ ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്പളമെത്തിച്ച് കെഎസ്‌ആര്‍ടിസി

ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തില്‍ തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് കനക്കവെ ജീവനക്കാരുടെ ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ ആദ്യ ഗഡു നല്‍കി കെഎസ്‌ആര്‍ടിസി

KSRTC pays first instalment of Employees Salary  first instalment of Employees Salary  KSRTC Employees Salary  KSRTC Management  Trade Unions protests  പ്രതിഷേധങ്ങള്‍ക്കിടെ ശമ്പളമെത്തി  യൂണിയന്‍ എതിര്‍പ്പ് വകവയ്‌ക്കാതെ  ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്പളമെത്തിച്ച്  കെഎസ്‌ആര്‍ടിസി  ശമ്പളം ഗഡുക്കളായി നൽകാന്‍  ശമ്പളം  തൊഴിലാളി യൂണിയനുകള്‍  തൊഴിലാളി യൂണിയനുകളുടെ എതിർപ്പ്  സിഐടിയു  മുഖ്യമന്ത്രിയുടെ ഉറപ്പ്  ആന്‍റണി രാജു  ഗതാഗത മന്ത്രി  മന്ത്രി
യൂണിയന്‍ എതിര്‍പ്പ് വകവയ്‌ക്കാതെ ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്പളമെത്തിച്ച് കെഎസ്‌ആര്‍ടിസി

By

Published : Mar 5, 2023, 9:05 PM IST

തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് വകവയ്ക്കാതെ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം നടപ്പാക്കി കെഎസ്ആർടിസി മാനേജ്മെന്‍റ്. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ ആദ്യ ഗഡുവാണ് കൃത്യം അഞ്ചാം തീയതി തന്നെ ജീവനക്കാർക്ക് നൽകിയത്. ശമ്പളത്തിന്‍റെ 50 ശതമാനമാണ് മാനേജ്‌മെന്‍റ് ഇന്ന് നൽകിയത്.

കെഎസ്ആർടിസിക്ക് ധനവകുപ്പ് നൽകുന്ന ജനുവരിയിലെ സർക്കാർ വിഹിതമായ 50 കോടിയിൽനിന്ന് 30 കോടി അനുവദിച്ചതിന് പിന്നാലെയാണ് ശമ്പളം നൽകാനായത്. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തെ തൊഴിലാളി യൂണിയനുകൾ ശക്തിയുക്തം എതിർക്കുന്ന സാഹചര്യത്തിലാണ് മാനേജ്മെന്‍റ് തീരുമാനം ഏകപക്ഷീയമായി നടപ്പാക്കിയിരിക്കുന്നത്. സിഐടിയുവിന്‍റെ നേതൃത്വത്തിൽ ചീഫ് ഓഫീസ് ഉപരോധം ഉള്‍പ്പടെ നടത്തിയിരുന്നു.

യോഗത്തിന് മുമ്പേ ശമ്പളം:അതേസമയം ഗതാഗതമന്ത്രി ആന്‍റണി രാജു സിഐടിയു നേതാക്കളെ നാളെ രാവിലെ 11.30ന് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുന്നതിന് വേണ്ടിയാണ് ശമ്പളം ഗഡുക്കളായി നൽകുന്നതെന്ന വാദമാണ് മാനേജ്മെന്‍റ് ഉന്നയിക്കുന്നത്. ശമ്പളത്തിന്‍റെ 50 ശതമാനം ആദ്യ ഗഡുവായി നൽകും. തുടർന്ന് സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് അടുത്ത ഗഡു നൽകി ആ മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കും. എന്നാല്‍ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം അഞ്ചിന് മുൻപ് ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനം സർക്കാരിന്‍റെ നയപരമായ തീരുമാനമല്ലെന്ന് പറഞ്ഞ മന്ത്രി മാനേജ്മെന്‍റ് തീരുമാനത്തെ ന്യായീകരിച്ചു.

അഡ്‌ജസ്‌റ്റുമെന്‍റുകളുടെ കെഎസ്‌ആര്‍ടിസി: ഇതൊരു താത്‌കാലിക അഡ്‌ജസ്‌റ്റ്‌മെന്‍റാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാരിന്‍റെ അനുമതി വേണ്ടെന്നും ഇത്തരം തീരുമാനമെടുക്കാനുള്ള അധികാരം മാനേജ്മെന്‍റിനുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു. ഇത്തവണ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തെ ഗതാഗത മന്ത്രി ന്യായീകരിക്കുകയും ചെയ്‌തു. അത്യാവശ്യമുള്ളവർക്ക് ഈ ഉത്തരവ് ഉപകാരമാകുമെന്നും ശമ്പളം മുഴുവനായി മതിയെന്ന് ആവശ്യപ്പെടുന്ന ജീവനക്കാർക്ക് സർക്കാർ സഹായം അനുവദിക്കുമ്പോൾ മുഴുവനായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവ് ആരെയും ഉപദ്രവിക്കാനല്ലെന്നും ഇത് ആർക്കും ദോഷം വരുത്തില്ലെന്നും പറഞ്ഞ അദ്ദേഹം ഉത്തരവിനെതിരെയുള്ള എതിർപ്പിന്‍റെ അടിസ്ഥാനം മനസിലാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജീവനക്കാരാരും ഈ തീരുമാനത്തിനെതിരെ പരാതി നൽകിയിട്ടില്ല. തൊഴിലാളി യൂണിയനുകൾ മാത്രമാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നതെന്നും മന്ത്രി വിമർശിച്ചു.

അയയാതെ സംഘടനകള്‍:എന്നാൽ ഈ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ. മാനേജ്മെന്‍റ് ഉത്തരവിനെതിരെ വേണ്ടിവന്നാൽ സിഐടിയുവുമായി സംയുക്ത സമരം നടത്താനും തയ്യാറാണെന്നാണ് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം.വിൻസെന്‍റ് എംഎൽഎ അറിയിച്ചത്. വിഷയത്തിൽ സമരം കടുപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഭരണ പ്രതിപക്ഷ സംഘടനകൾ. കെഎസ്ആർടിസിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്നാണ് മാനേജ്മെന്‍റ് വാദം. മാത്രമല്ല സര്‍ക്കാര്‍ സഹായമില്ലാതെ തനത് ഫണ്ടിൽ നിന്ന് മാത്രം പണം കണ്ടെത്താനാകില്ലെന്നാണ് മാനേജ്മെന്‍റ് നിലപാട്. അതേസമയം നാളെ നടക്കുന്ന ചർച്ചയിൽ സിഐടിയു എന്ത് നിലപാട് സ്വീകരിക്കും എന്നതും കണ്ടറിയേണ്ടതാണ്.

ABOUT THE AUTHOR

...view details