തിരുവനന്തപുരം : പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ പുതിയതായി സർവീസ് ആരംഭിച്ച ലോ ഫ്ലോര്‍ ബസിന് പെര്‍മിറ്റില്ലെന്ന പ്രചരണം വ്യാജമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി (Pathanamthitta Coimbatore route KSRTC low floor bus permit issue). കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് വിശദീകരണം നൽകിയത്. കഴിഞ്ഞ ശനിയാഴ്‌ച എംവിഡി തടഞ്ഞുനിർത്തി പിഴ ചുമത്തിയ റോബിൻ ബസിനെ (Robin bus issue) വെട്ടിലാക്കാനായി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആര്‍ടിസി പുതിയതായി ആരംഭിച്ച ലോ ഫ്ലോര്‍ സര്‍വീസിന് പെര്‍മിറ്റില്ലെന്ന പ്രചരണം വ്യാജമാണെന്നാണ് കെഎസ്ആര്‍ടിസി ഫേസ്ബുക്ക് കുറിപ്പിലൂടെ (KSRTC Facebook post on its permit) അറിയിച്ചത്.
KL15 A 0909 നമ്പർ ലോ ഫ്ലോർ എ സി ബസിന് 15/07/2028 വരെയുള്ള ഇന്‍റർസ്റ്റേറ്റ് പെർമിറ്റ് (KSRTC and Robin bus interstate permit issue) എടുത്തിട്ടുണ്ടെന്നും, കേരള ആർടിഎ (Kerala RTA) നൽകിയ പെർമിറ്റ് തമിഴ്‌നാട് ആർടിഎ (Tamil Nadu RTA) കൗണ്ടർ സൈൻ ചെയ്‌തിട്ടുണ്ടെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി. കൂടാതെ എല്ലാ നടപടിക്രമങ്ങളും നിയമങ്ങളും അനുസരിച്ചുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. പെർമിറ്റിൽ എഗ്രിമെന്‍റ് റൂട്ട്, ട്രിപ്പുകളുടെ എണ്ണം എന്നിവയുണ്ടെന്നും 2013ലെ ദേശസാത്‌കരണ സ്‌കീം പ്രകാരം ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍വീസുകളും കേരളം മുഴുവന്‍ കെഎസ്ആര്‍ടിസിക്കായി ദേശസാത്‌കരിച്ചിട്ടുള്ളതാണെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.
സ്‌കീമിലെ വ്യവസ്ഥകള്‍ പ്രകാരം കെഎസ്ആര്‍ടിസിക്ക് കേരളത്തിൽ പൊതു താല്‍പര്യം മുന്‍നിര്‍ത്തി ഉയര്‍ന്ന ശ്രേണിയിലുള്ള സര്‍വീസുകള്‍ നടത്താമെന്നും മാനേജ്മെന്‍റ് ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു. ഇന്നലെ മുതലാണ് കെഎസ്ആർടിസി പത്തനംതിട്ട - എരുമേലി - കോയമ്പത്തൂർ റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ചത്. റോബിൻ ബസിന് സമാനമായ റൂട്ടിൽ അര മണിക്കൂർ മുന്നെയാണ് കെഎസ്ആര്‍ടിസി സർവീസ് നടത്തുന്നത്.
കെഎസ്ആർടിസിയുടെ വോൾവോ എസി പുഷ്ബാക്ക് സീറ്റർ ബസാണ് സർവീസ് നടത്തുക. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് സർവീസ് ആരംഭിക്കുകയും തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണം.
റോബിൻ ബസിന് സ്റ്റേജ് കാരേജായി ഓടാൻ പെര്‍മിറ്റില്ലെന്ന കാരണം കാണിച്ച് 7500 രൂപയാണ് എംവിഡി പിഴ ചുമത്തിയത്. തുടർന്ന് തമിഴ്‌നാട് എംവിഡി 70410 രൂപയും പിഴ ഈടാക്കിയിരുന്നു (Robin bus fine issue).
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
*"കെഎസ്ആര്‍ടിസി നടത്തുന്ന പത്തനംതിട്ട-കോയമ്പത്തൂർ സർവിസ് പെർമിറ്റില്ലാതെ!" എന്ന വ്യാജ വാർത്ത പടച്ച് വിടുന്നവർക്കായി കെഎസ്ആര്‍ടിസിയുടെ KL15 A 0909 നമ്പർ ലോ ഫ്ലോര്‍ എസി ബസിന് 15/07/2028 തീയതി വരെയുള്ള ഇന്‍റർ സ്റ്റേറ്റ് പക്കാ പെർമിറ്റ് എടുത്തിട്ടുള്ളതാണ്. ടി പെർമിറ്റ് കേരള ആർടിഎ നൽകി തമിഴ്‌നാട് സംസ്ഥാന ആർടിഎ കൗണ്ടർ സൈൻ ചെയ്‌ത് എല്ലാ നടപടിക്രമങ്ങളും നിയമങ്ങളും അനുസരിച്ചുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റാണ്.
*ഇൻ്റർ സ്റ്റേറ്റ് സ്റ്റേജ് കാര്യേജ് പെർമിറ്റുകൾ അനുവദിക്കുന്നത് എംവി ആക്‌ട് സെക്ഷൻ 88 (5) & (6) അനുസരിച്ചുള്ള സ്റ്റേറ്റുകൾ തമ്മിലുള്ള റെസിപ്രോക്കൽ എഗ്രിമെന്‍റ് വഴിയാണ്. എഗ്രിമെന്‍റിൽ റൂട്ട്, ട്രിപ്പുകളുടെ എണ്ണം എന്നിവ ഉൾകൊള്ളുന്നു.
*കേരളവും തമിഴ്‌നാടും തമ്മിലുള്ള ആദ്യത്തെ അന്തർ സംസ്ഥാന ഉഭയകക്ഷി കരാർ നിലവിൽ വന്നത് 1976ലാണ്. ഇതിനുശേഷം 8 ഉപകരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്. കേരളവും തമിഴ്‌നാടും തമ്മിലുള്ള ഈ അന്തർ സംസ്ഥാന കരാറുകൾ പ്രകാരം കേരള ആർടിസിയും തമിഴ്‌നാട് ആർടിസിയുമാണ് അന്തർ സംസ്ഥാന റോഡ് ഗതാഗതത്തിലെ കോ-ഓർഡിനേറ്റർമാർ. ഇരു സംസ്ഥാന ആർടിസികൾക്കും ആവശ്യമെങ്കിൽ തങ്ങളുടെ സംസ്ഥാനത്തുള്ള റൂട്ടുകളിൽ ഭേദഗതികൾ വരുത്താമെന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
*GO(P) 73/ 2013 ആയുള്ള 2013ലെ ദേശസാൽക്കരണ സ്‌കീം പ്രകാരം ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള എല്ലാ സർവീസുകളും കേരളം മുഴുവൻ കെഎസ്ആർടിസിക്കായി ദേശസാൽക്കരിച്ചിട്ടുള്ളതാണ്. പ്രസ്‌തുത സ്‌കീമിലെ വ്യവസ്ഥകൾ പ്രകാരം ജനങ്ങളുടെ സൗകര്യാർത്ഥം കെഎസ്ആർടിസിക്ക് കേരളത്തിനുള്ളിൽ പൊതു താൽപര്യം മുൻനിർത്തി യഥേഷ്‌ടം ഉയർന്ന ശ്രേണിയിലുള്ള സർവീസുകൾ നടത്താവുന്നതാണ്.
Also read: റോബിൻ ബസിനെ വെട്ടാന്‍ കെഎസ്‌ആര്‍ടിസി; പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ സർവീസ്