തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ജീവനക്കാരുടെ മെയ് മാസത്തെ ശമ്പള വിതരണവും പെൻഷൻ വിതരണവും പൂർത്തിയായി. മെയ് മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡുവായ 50 ശതമാനമാണ് ഇന്നലെ വിതരണം ചെയ്‌തത്. ഇതിനായി സർക്കാർ സഹായമായ 30 കോടി രൂപ അനുവദിച്ചിരുന്നു.
ഇതോടെ മെയ് മാസത്തെ ശമ്പള വിതരണം പൂർത്തിയായി. ജൂൺ അഞ്ചിനാണ് ആദ്യ ഗഡു നൽകിയത്. ഓവർ ഡ്രാഫ്റ്റ് എടുത്ത 35 കോടി രൂപയും കൈവശം ഉണ്ടായിരുന്ന അഞ്ച് കോടി രൂപയും ചേർത്താണ് ആദ്യ ഗഡു വിതരണം ചെയ്‌തത്.
രണ്ടാം ഗഡു വിതരണത്തിനായി 50 കോടി രൂപ സർക്കാർ സഹായമാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടതെങ്കിലും 30 കോടി രൂപയാണ് അനുവദിച്ചത്. മെയ് മാസത്തെ പെൻഷൻ വിതരണവും ഇന്നലെ പൂർത്തിയാക്കിയിരുന്നു. സഹകരണ ബാങ്കുകളിലേക്ക് കെഎസ്ആർടിസി നേരിട്ട് പണം കൈമാറിയാണ് പെൻഷൻ വിതരണം ചെയ്‌തത്.
പെൻഷൻ വിതരണത്തിനായി സർക്കാർ 71 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ ഈ തുക സഹകരണ ബാങ്കുകളിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവ് നൽകാൻ വൈകിയത് മൂലമാണ് പെൻഷൻ വിതരണം വൈകിയത്. സഹകരണ ബാങ്ക് കൺസോർഷ്യവുമായുള്ള പലിശ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ തുക കെഎസ്ആർടിസിക്ക് നേരിട്ട് കൈമാറിയത്.
2018 മുതൽ കെഎസ്ആർടിസിയിൽ പെൻഷൻ തുക വിതരണം ചെയ്യുന്നത് സഹകരണ ബാങ്കുകളിലൂടെയാണ്. അതേസമയം, കെഎസ്ആർടിസിയെ ലാഭത്തിലേക്ക് ഉയർത്താൻ പുത്തൻ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് മാനേജ്മെന്‍റ്. ഇതിന്‍റെ ഭാഗമായി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം ഇന്ന് മുതൽ ആരംഭിക്കും.