തിരുവനന്തപുരം :കെഎസ്ആർടിസി ഉദ്യോഗസ്ഥ സംഘവും യൂണിയൻ പ്രതിനിധികളും ചെന്നൈയിലേക്ക് പുറപ്പെട്ടു (KSRTC Officials And Union Representatives To Chennai). കെഎസ്ആർടിസി വർക്ക് ഷോപ്പുകളുടെ നവീകരണത്തിന് മാതൃകയാക്കാനാകുന്ന പദ്ധതികൾ കണ്ട് പഠിക്കുന്നതിനായാണ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടത്.
തമിഴ്‌നാട്ടിലെ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായാണ് നടക്കുന്നത്. കൂടാതെ വർക്ക് ഷോപ്പുകളുടെ പ്രവർത്തനം മെച്ചപ്പെട്ട നിലയിലുമാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ സിഎംഡി ബിജു പ്രഭാകറും ജോയിന്‍റ് എംഡി പ്രമോജ് ശങ്കറും ചെന്നൈയില്‍ എത്തി വർക്ക് ഷോപ്പുകൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂണിയൻ പ്രതിനിധികളെയും ഉദ്യോഗസ്ഥ സംഘത്തെയും ചെന്നൈയിലേക്ക് അയച്ചത്.
Also Read:KSRTC Bus Advertisement Contract Scam ടെൻഡറില്ലാതെ 3.5 കോടിയുടെ കരാർ, കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്ന കരാറിൽ ഗുരുതര ക്രമക്കേട്
കെഎസ്ആർടിസി (KSRTC) ബസുകളുടെ ടയറിന്‍റെ ആയുസ് ശരാശരി 1.8 ലക്ഷം കിലോമീറ്റർ ആണെങ്കിൽ തമിഴ്‌നാട് ആർടിസി ബസുകൾക്ക് ഇത് 3.8 ലക്ഷം ആണ്. കൃത്യമായി ടയറുകൾ മാറ്റുന്നത് കൊണ്ടാണ് ഈ നേട്ടം. ഇത് അടക്കമുള്ള മാതൃകകൾ കേരള ആർടിസിയിലും പരീക്ഷിക്കാനാണ് അധികൃതരുടെ ശ്രമം.
അംഗീകൃത തൊഴിലാളി സംഘടനകളായ സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികൾ അടക്കം 44 അംഗ സംഘം കെഎസ്ആർടിസിയുടെ സ്‌കാനിയ ബസിലാണ് ചെന്നൈയിലേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസം സംഘം ചെന്നൈയിൽ ഉണ്ടാകും.
അതേസമയം കെഎസ്ആർടിസി ബസുകളിൽ 3.5 കോടിയുടെ പരസ്യം പതിക്കുന്നതിന് നൽകിയ കരാറിൽ വ്യാപക ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിരുന്നു. കരാർ നൽകിയതിൽ തട്ടിപ്പ് നടന്നതായുള്ള പരാതിയിൽ കെഎസ്‌ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജരുടെ ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ബസുകളിൽ പരസ്യം പതിക്കുന്നതിന് 2019-23 കാലത്ത് കൃത്യമായ ടെൻഡർ ഇല്ലാതെ 3,750 ബസുകൾ വിട്ടു നൽകിയതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
Also Read:KSRTC Salary Distribution കെഎസ്ആർടിസി ജീവനക്കാരുടെ ശബളം; സെപ്റ്റംബർ മാസത്തിലെ ആദ്യ ഗഡു വിതരണത്തിന് 30 കോടി രൂപ അനുവദിച്ച് സർക്കാർ
കണ്ണൻ എന്ന വ്യക്തി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് വിജിലൻസിന് കൈമാറിയത്. ടെൻഡറിലെ നിബന്ധനകൾ കരാർ ലഭിച്ച ഏജൻസി പാലിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഭാര്യയും ഭർത്താവും രണ്ട് കമ്പനികളുടെ പേരിൽ ടെൻഡർ നൽകിയതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ കരാറുകൾ നൽകുന്നതിന് ടെൻഡർ നടത്തിയിട്ടില്ലെന്നും പത്ര പരസ്യം നൽകിയിട്ടില്ലെന്നും ഇ-ടെൻഡർ നടത്തിയിട്ടില്ലെന്നും വിജിലൻസ് പരിശോധനയിൽ പുറത്തു വന്നു.
നേരത്തെ ബസിൽ പരസ്യം പതിക്കുന്നതിന് കരാര്‍ എടുത്ത വ്യക്തിയുടെ ബിൽ മാറുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പിടിയിലായ ഡെപ്യൂട്ടി ജനറൽ മാനേജർ സി ഉദയകുമാർ ജോലി ചെയ്‌തിരുന്ന കാലത്ത് നടന്ന ക്രമക്കേടുകള്‍ ആണിതെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.
Also Read:KSRTC's Contempt Of Court Case | കോടതിയലക്ഷ്യ കേസ് : 2925.7 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് കെഎസ്ആർടിസി