തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ വിജിലൻസിന്‍റെ പിടിയിൽ. കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഭവനിലെ ഡെപ്യുട്ടി ജനറൽ മാനേജർ ഉദയകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. പരസ്യം പതിക്കുന്നതിനായി കരാറെടുത്ത കരാറുകാരനിൽ നിന്നും 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവം ഇങ്ങനെ ; കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നതിന് പരാതിക്കാരൻ കരാർ എടുത്തിരുന്നു. കരാറുമായി ബന്ധപ്പെട്ട ആറര ലക്ഷം രൂപയുടെ ബില്ല് മാറുന്നതിനായി ഉദയകുമാർ ഒരു ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്‌ച (ജൂലൈ 12) 40,000 രൂപ ഉദയകുമാറിന് നൽകി. ബാക്കി തുകയിൽ 30,000 രൂപ ഇന്നലെ രാവിലെയും നൽകി. ബാക്കി തുക നൽകാത്തപക്ഷം 12 ലക്ഷം രൂപയുടെ ബിൽ മാറില്ലെന്ന് ഉദയകുമാർ പരാതിക്കാരനെ ഭീഷണിപ്പെടുത്തി.
ഇതോടെ പരാതിക്കാരൻ ഇക്കാര്യം വിജിലൻസ് തെക്കൻ മേഖല പൊലിസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിക്കുകയായിരുന്നു. സൂപ്രണ്ടിന്‍റെ നിർദേശപ്രകാരം തെക്കൻ മേഖല വിജിലൻസ് ഓഫിസിലെ ഡിവൈഎസ്‌പി വിനോദ് സിഎസ്‌ന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്നലെ രാത്രി 7 മണിയോടെ തിരുവനന്തപുരത്തെ പ്രമുഖ ക്ലബ്ബിൽ വച്ച് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉദയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇൻസ്പെക്‌ടർ നിസാം, സബ് ഇൻസ്പെക്‌ടർമാരായ ശശികുമാർ, വിജയൻ, അബ്‌ദുൾ ഖാദർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാമെന്ന് വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാം അറിയിച്ചു.