തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ എസി ബസില്‍ യാത്ര ഒരുക്കുന്നതിന് കെഎസ്ആര്‍ടിസി ആരംഭിച്ച ജനത ബസ് സര്‍വീസ് 10 ദിവസം തികയും മുന്‍പേ സൂപ്പര്‍ഹിറ്റ്. ആദ്യ 10 ദിനങ്ങള്‍ പിന്നിടുമ്പോള്‍ 1,29,832 ലക്ഷം രൂപയാണ് ജനത സര്‍വീസ് (janatha bus service) കോര്‍പറേഷന്‍റെ പണപ്പെട്ടിയിലെത്തിച്ചത്. കൊല്ലം-തിരുവനന്തപുരം, (kollam to trivandrum) കൊട്ടാരക്കര-തിരുവനന്തപുരം (kottarakkara to trivandrum) റൂട്ടുകളില്‍ രണ്ട് വോള്‍വോ എസി ലോ ഫ്‌ളോര്‍ ബസുകളുമായി കന്നിയാത്ര തുടങ്ങിയാണ് ജനത സര്‍വീസ് യാത്രക്കാര്‍ക്കിടയിലേക്കെത്തിയത് (KSRTC New Project Janatha Bus Service).
പരീക്ഷണ സര്‍വീസ് യാത്രക്കാര്‍ ഏറ്റെടുത്തതോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ആലപ്പുഴ - എറണാകുളം, കൊല്ലം -കായംകുളം, കൊട്ടാരക്കര - കോട്ടയം റൂട്ടുകളാണ് പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ മാനേജ്‌മെന്‍റ് തലത്തില്‍ പുരോഗമിക്കുകയാണ്.
നിലവിലെ ജനത ബസ് സർവീസ് എസി കൊല്ലം-തിരുവനന്തപുരം റൂട്ടിലെ സ്റ്റോപ്പുകള്‍ ഇവയാണ്. രാവിലെ 7.15ന് കൊല്ലത്തുനിന്ന് സര്‍വീസ് ആരംഭിക്കും. പള്ളിമുക്ക്, കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി, കല്ലമ്പലം, ആറ്റിങ്ങല്‍, കോരാണി, മംഗലാപുരം, കഴക്കൂട്ടം, ഉള്ളൂര്‍, തിരുവനന്തപുരം.
രാവിലെ 9.30ന് തിരുവനന്തപുരത്തെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മടക്ക സര്‍വീസ് രാവിലെ 10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12 മണിക്ക് കൊല്ലത്ത് എത്തിച്ചേരും. വീണ്ടും ഉച്ചയ്ക്ക് 2.20ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. വൈകിട്ട് 5 മണിക്ക് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫിസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സര്‍വീസ് അവസാനിപ്പിക്കുന്ന തരത്തിലുമാണ് ക്രമീകരണം.
20 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. കൊട്ടാരക്കര-തിരുവനന്തപുരം ജനത റൂട്ടിലെ സ്റ്റോപ്പുകള്‍ പനവേലി, വാളകം, ആയൂര്‍, ചടയമംഗലം, നിലമേല്‍, കിളിമാനൂര്‍, കാരേറ്റ്, വെഞ്ഞാറമ്മൂട്, വെമ്പായം, വട്ടപ്പാറ, നാലാഞ്ചിറ, തിരുവനന്തപുരം റൂട്ടിലാണ് സര്‍വീസ്. കൊല്ലം - തിരുവനന്തപുരം സര്‍വീസിന്‍റെ അതേ സമയക്രമമാണ് കൊട്ടാരക്കര - തിരുവനന്തപുരം സര്‍വീസിനും. ഭാവിയില്‍ ജനത ബസും ഇലക്ട്രിക് ബസിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 18നാണ് ജനത ബസ് സര്‍വീസ് ആരംഭിച്ചത്. സാധാരണ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസിന് ഏകദേശം തുല്യമായ ടിക്കറ്റ് നിരക്കാണ് ജനത സര്‍വീസിനുമുള്ളത്. കൊല്ലം-തിരുവനന്തപുരം ജില്ലകളിൽ ജോലി ചെയ്യുന്നവർക്കായി ആണ് പ്രധാനമായി ജനത സർവീസ് ഉപകാരപ്രദമാകുന്നത്.