തിരുവനന്തപുരം:ശബരിമല മണ്ഡലകാല-മകരവിളക്ക് സീസണിലെ സർവീസുകൾ വൻ വിജയമായതിൽ ജീവനക്കാരെ അഭിനന്ദിച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ബിജു പ്രഭാകർ ഇത് സംബന്ധിച്ച പോസ്റ്റ് ഇട്ടത്. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള വെല്ലുവിളി നിറഞ്ഞ ഒരു മണ്ഡലപൂജ-മകരവിളക്ക് മഹോത്സവ കാലമാണ് കടന്നുപോയത്. കൊവിഡിന് ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ എത്തിച്ചേർന്ന കാലയളവാണിത്. ആയിരത്തിൽ അധികം ബസുകളാണ് സർവീസിനായി സജ്ജമാക്കിയതെന്നും ബിജു പ്രഭാകർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഏതാണ്ട് 500 ബസുകൾ തുടർച്ചയായും 500 ബസുകൾ മകരവിളക്കിനായും ക്രമീകരിച്ചതിന് പിന്നിലും അവ മെയിന്‍റനൻസ് നടത്തി സ്പെഷ്യൽ സർവീസ് നടത്തിയതിന് പിന്നിലും കഠിനമായ പരിശ്രമം ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിലും ഇത്രയും ബസുകൾ ഒരു ബ്രേക്ക് ഡൗണോ അപകടമോ ഇല്ലാതെ സജ്ജമാക്കി നടത്തുവാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞത് ചാരിതാർഥ്യം നൽകുന്നു.
3000 ജീവനക്കാർ നേരിട്ട് പമ്പയിൽ പ്രതികൂല കാലാവസ്ഥയിലും സാഹചര്യത്തിലും നേരിട്ട് മുന്നണിയിലും മറ്റ് മുഴുവൻ ജീവനക്കാരും യൂണിറ്റുകളിൽ പിന്നണിയിലും പ്രവർത്തിച്ചത് ഒത്തൊരുമയുടെ മികവാണ്. സർവീസുകളുടെ മികച്ച ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിച്ച എല്ലാ ഉദ്യോഗസ്ഥന്മാർക്കും ബിജു പ്രഭാകർ നന്ദി അറിയിച്ചു. 2019ന് ശേഷം ഭക്തജനങ്ങൾക്ക് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവായ ഈ വർഷത്തെ ഉത്സവത്തിന് അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഉണ്ടായത്. വിവിധങ്ങളായ കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും സർവീസ് നടത്തിപ്പിൽ വന്നതോടെ വളരെ കൃത്യതയാർന്നതും സൗകര്യ പ്രദവും ഏറ്റവും മെച്ചപ്പെട്ടതുമായ സേവനം യാതൊരു പരാതിയുമില്ലാതെ ഏവരുടെയും അഭിനന്ദനത്തോടെ നടത്തുവാൻ കഴിഞ്ഞത് വിജയത്തിന്‍റെ തിളക്കം വർധിപ്പിക്കുന്നുവെന്ന് ബിജു പ്രഭാകര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:സ്വാമിമാർക്ക് സംതൃപ്‌തകരമായ മണ്ഡലതീർഥാടനകാലം.......
*2022-2023 മണ്ഡലകാല - മകരവിളക്ക് മഹോത്സവം വൻ വിജയം - KSRTC യിലെ മുഴുവൻ ജീവനക്കാർക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ*
*ഒരുമയോടും നിശ്ചയദാർഢ്യത്തോടുമുള്ള കർമ്മനിരതമായ ഒരു മണ്ഡല കാല-മകരവിളക്ക് മഹോത്സവത്തിന് ജനുവരി 20 ന് വിജയകരമായി തിരശീല വീഴുന്നു. ഇതിന്‍റെ ഏറ്റവും വെല്ലുവിളി ഉയർത്തിയ ഘട്ടങ്ങൾ നാം മകരവിളക്ക് മഹോത്സവം വിജയകരമാക്കിയതിലൂടെ പൂർത്തിയാക്കിയിരിക്കുകയാണ്. ഏവർക്കും KSRTC യുടെയും എന്‍റെ വ്യക്തിപരവുമായ ഹൃദയം നിറഞ്ഞ ആശംസകൾ*
*2019ന് ശേഷം ഭക്തജനങ്ങൾക്ക് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവായ ഈ വർഷത്തെ ഉത്സവത്തിന് അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഉണ്ടായത്. വിവിധങ്ങളായ കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും സർവീസ് നടത്തിപ്പിൽ വന്നതോടെ വളരെ കൃത്യതയാർന്നതും സൗകര്യപ്രദവും ഏറ്റവും മെച്ചപ്പെട്ടതുമായ സേവനം യാതൊരു പരാതിയുമില്ലാതെ ഏവരുടെയും അഭിനന്ദനത്തോടെ നടത്തുവാൻ കഴിഞ്ഞത് വിജയത്തിന്‍റെ തിളക്കം വർധിപ്പിക്കുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും സേവന മികവിന്‍റെ പിൻബലത്തിൽ അതിജീവിച്ച് മുഴുവൻ അയ്യപ്പഭക്തർക്കും മികച്ച സേവനം നൽകിയത് KSRTCയുടെയും സർക്കാരിന്‍റെയും അഭിമാനം വാനോളം ഉയർത്തുവാൻ കഴിഞ്ഞു.*
*കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള വെല്ലുവിളി നിറഞ്ഞ ഒരു മണ്ഡലപൂജ-മകരവിളക്ക് മഹോത്സവകാലമാണ് കടന്നുപോയത്. കൊവിഡിന് ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ എത്തിച്ചേർന്ന കാലയളവാണിത്.*
*ആയിരത്തിൽ അധികം ബസുകളാണ് ആണ് നാം ഇതിന് സജ്ജമാക്കിയത്. ഇതിനൊപ്പം ഏതാണ്ട് 3000 ജീവനക്കാർ നേരിട്ട് പമ്പയിൽ പ്രതികൂല കാലാവസ്ഥയിലും സാഹചര്യത്തിലും നേരിട്ട് മുന്നണിയിലും മറ്റ് മുഴുവൻ ജീവനക്കാരും യൂണിറ്റുകളിൽ പിന്നണിയിലും പ്രവർത്തിച്ചത് ഒത്തൊരുമയുടെ മികവാണ്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്ന എല്ലാ സൂപ്പർവൈസർമാരും ഓഫിസർമാരും പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും നടപ്പാക്കുന്നതിലും സ്‌തുത്യർഹമായ പങ്കാണ് വഹിച്ചത്.*
*മകരവിളക്ക് മഹോത്സവത്തിന് എത്തിയ 500ൽ അധികം ബസിലെ ജീവനക്കാർക്ക് വേണ്ട ഭക്ഷണവും സൗകര്യങ്ങളും സൗജന്യ സേവനത്തിനൊപ്പം ഒരുക്കുന്നതിന് KSRTCയിലെ അംഗീകൃത സംഘടനകൾ സംയുക്തമായി പ്രവർത്തിച്ചത് വേറിട്ട കൂട്ടായ്‌മയുടെ ഉദാത്ത മാതൃകയാണ്. *ഒപ്പം മുഴുവൻ സ്പെഷ്യൽ സർവീസിലും രാവും പകലും കാനന പാതയിൽ സേവനമനുഷ്‌ഠിക്കുന്ന മുഴുവൻ ഡ്രൈവർ - കണ്ടക്‌ടർ ജീവനക്കാർക്കും KSRTC ഒരുക്കിയ മകരവിളക്ക് ദിവസത്തേക്കുള്ള വെള്ളവും ഭക്ഷണം പായ്ക്ക് ചെയ്‌ത കിറ്റ് എത്തിക്കുന്നതിലും അത് മാത്രം ഉപയോഗിച്ച് അതിൽ പൂർണ തൃപ്‌തിയോടെ കഠിനമായി ജോലി അനുഷ്‌ഠിക്കുകയും ചെയ്‌ത നിശബ്‌ദ സേവകരായ എന്‍റെ ജീവനക്കാർ ഈ സ്ഥാപനത്തിന്‍റെ കരുത്താണ്.*