തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട യൂണിറ്റിൽ വിദ്യാർഥിനിക്ക് കൺസഷൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ചില മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് മാനേജ്മെന്‍റ്. കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാർഥിയാണെന്ന് തെളിയിക്കേണ്ട രേഖകൾ ഹാജരാക്കാതെയും കൺസഷൻ വിതരണം ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.
രേഖകള്‍ ഹാജരാക്കാതെ കൺസഷൻ; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി - കെഎസ്ആർടിസി
കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെ വിദ്യാർഥിനിക്ക് കൺസഷൻ നല്‍കിയെന്ന ചില മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി.
സെപ്തംബർ ഒമ്പതിന് വിദ്യാർഥിനി കൺസഷൻ എടുക്കുന്നതിനായി കാട്ടാക്കട യൂണിറ്റിൽ എത്തിയിരുന്നു. 19ന് കോഴ്‌സ് സർട്ടിഫിക്കറ്റിന്‍റെ കാലാവധി അവസാനിച്ചതിനാൽ പുതിയ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ ആവശ്യപ്പെട്ടിരുന്നു. 22ന് പുതിയ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ കൺസഷന് ടോക്കൺ നൽകുകയും ചെയ്തു.
തുടർന്ന് 26 ന് ക്ലസ്റ്റർ ഓഫിസർ കെ.വി. അജി വിദ്യാർഥിനിയുടെ വീട്ടിലെത്തി കൺസഷൻ കൈമാറുകയായിരുന്നുവെന്നും കെഎസ്ആർടിസി അറിയിച്ചു. ആമച്ചൽ സ്വദേശി പ്രേമനൻ ബിരുദ വിദ്യാർഥിനിയായ മകൾ രേഷ്‌മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ട്രാൻസ്‌പോർട്ട് ഡിപ്പോയിൽ എത്തിയതും ജീവനക്കാരുടെ മർദനമേറ്റതും കേരളം മുഴുവൻ ചർച്ചയായിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ രേഷ്‌മയുടെ കൺസഷൻ പുതുക്കി വീട്ടിലെത്തിച്ചു തെറ്റുതിരുത്തുകയായിരുന്നു കെഎസ്ആർടിസി.