തിരുവനന്തപുരം: ദീർഘദൂര യാത്രകൾ സുഖപ്രദമാക്കുന്നതിനായി കെ.എസ്.ആർ.ടി.സിയുടെ വോൾവോ ലോ ഫ്ലോർ എ.സി ബസുകളിൽ സെമി സ്ലീപ്പർ മാതൃകയിലുള്ള റിക്ലൈനിങ് സീറ്റുകളിലേക്ക് (പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകൾ) മാറ്റുന്നുവെന്ന് മാനേജ്‌മെന്‍റ്. കെ.എസ്.ആർ.ടി.സി 2009 - 13, 2015-16 കാലഘട്ടങ്ങളിൽ സിറ്റി സര്‍വീസിന് ജൻറം സ്‌കീമിൽ വാങ്ങിയ വോൾവോ ലോ ഫ്ലോർ എ.സി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് സെമി സ്ലീപ്പർ മാതൃകയിൽ ഉള്ള റിക്ലൈനിങ് സീറ്റുകൾ സജ്ജീകരിക്കുന്നത്. ജെഎന്‍ 470, ജെഎന്‍ 505 നമ്പറുകൾ ഉള്ള രണ്ട് ബസുകളിൽ പരീക്ഷണാർഥം സീറ്റുകൾ മാറ്റിക്കഴിഞ്ഞു.
സീറ്റുകള്‍ മാറ്റിയ ബസുകള്‍ ഒരു മാസം തിരുവനന്തപുരം - കോഴിക്കോട് പാതയില്‍ പരീക്ഷണ സർവീസ് നടത്തും. ഒരു ബസിന് സീറ്റ് മാറ്റുന്നതിന് ശരാശരി 3,14,684 രൂപയാണ് ചിലവ്. അനുയോജ്യമെങ്കിൽ 180 വോൾവോ ലോ ഫ്ലോർ എ.സി ബസുകളിലും ഇത്തരം സീറ്റ് ഘടിപ്പിച്ച് ദീർഘദൂര സർവീസ് നടത്തും. സിറ്റി സർവീസിന് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്‌ത ബസുകൾ വിജയകരമല്ലാതായതിനെ തുടർന്ന് ദീർഘദൂര സർവീസിന് വേണ്ടി, ചിൽ സർവീസ് ആയും ഉപയോഗിക്കുകയായിരുന്നു.