തിരുവനന്തപുരം : നവംബര്‍ ഒന്ന് മുതല്‍ ബസുകള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ കെഎസ്‌ആര്‍ടിസി വാങ്ങിയത് തട്ടിക്കൂട്ട് സീറ്റ് ബെല്‍റ്റുകളെന്ന് ആക്ഷേപം (KSRTC Low Quality Seat Belt). 4850 സീറ്റ് ബെല്‍റ്റുകളാണ് കെഎസ്‌ആര്‍ടിസിയുടെ പര്‍ച്ചേസിങ് വിങ്ങ് വാങ്ങിയത്. ഇത് പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്ഷോപ്പിലെ ചീഫ് സ്റ്റോറില്‍ എത്തിച്ചിട്ടുമുണ്ട്.
ഡ്രൈവര്‍ക്ക് ഒരു വിധത്തിലുള്ള സുരക്ഷയും നല്‍കാത്തവയാണ് ഈ സീറ്റ് ബെല്‍റ്റുകള്‍ എന്നാണ് ആക്ഷേപം. അപകടം സംഭവിച്ച് വാഹനം മറിഞ്ഞാല്‍ സീറ്റില്‍ നിന്നും ഡ്രൈവര്‍ തെറിച്ചുപോകാതിരിക്കുന്നതിന് വേണ്ടിയാണ് സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ പുതുതായി ഘടിപ്പിച്ച സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചാല്‍ ഈ സുരക്ഷിതത്വം ലഭിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
സീറ്റ് ബെല്‍റ്റ് ധരിക്കുമ്പോള്‍ ശരീരത്തോട് ചേര്‍ന്നിരിക്കേണ്ടതിന് പകരം അയഞ്ഞിരിക്കുന്നതിനാല്‍ അപകടം നടന്നാല്‍ യാതൊരു സുരക്ഷിതത്വവും ലഭിക്കില്ലെന്ന് ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ കെ സെയില്‍സ് കോര്‍പ്പറേഷന്‍ എന്ന കമ്പനിയില്‍ നിന്നുമാണ് സീറ്റ് ബെല്‍റ്റുകള്‍ വാങ്ങിയതെന്നാണ് വര്‍ക്‌സ് മാനേജരും കണ്‍ട്രോളര്‍ ഓഫ് പര്‍ച്ചേഴ്‌സുമായ എ ഡേവിഡ് വ്യക്തമാക്കുന്നത്. ഒന്നിന് 580 രൂപയാണ് വില.