തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌തു. ഇന്നലെ (14.07.2023) രാത്രിയാണ് ആദ്യ ഗഡു വിതരണം ചെയ്‌തത്. സർക്കാർ ധനസഹായം നൽകിയ 30 കോടി രൂപയും 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് ആദ്യ ഗഡു ശമ്പളം വിതരണം ചെയ്‌തത്.
അതേസമയം രണ്ടാം ഗഡു ശമ്പളം നൽകാനുള്ള തീയതി ഇന്ന് ആണെങ്കിലും രണ്ടാം ഗഡു വിതരണം വൈകും. ധനവകുപ്പ് 30 കോടി നൽകിയാലും പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്നായിരുന്നു സിഎംഡി ബിജു പ്രഭാകർ ഇന്നലെ പ്രതികരിച്ചത്. പകുതി ശമ്പളം കൊടുക്കാൻ 39 കോടി രൂപ വേണമെന്നും ബാക്കി തുകയ്ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ഈ സാഹചര്യത്തിൽ രണ്ടാം ഗഡു ശമ്പള വിതരണം അന്തമായി നീളുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്‍റണി രാജു, കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ എന്നിവർ തൊഴിലാളി സംഘടനകൾക്ക് നൽകിയ ഉറപ്പ് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ഇന്നലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
വീടിന് 100 മീറ്റർ അകലെ വച്ച് പൊലീസ് മാർച്ച് തടഞ്ഞു. ചീഫ് ഓഫിസിന് മുന്നിൽ സിഐടിയുവും ബിഎംഎസും സമരം നടത്തി വരികയായിരുന്നു. ജൂൺ മാസത്തിൽ 195 കോടിയിലധികം രൂപ കലക്ഷൻ വരുമാനമായി ലഭിച്ചിട്ടും എന്തുകൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം നൽകാത്തതെന്നാണ് തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്ന ചോദ്യം. ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണെന്നാണ് വിഷയത്തിൽ ബിജു പ്രഭാകറിന്‍റെ മറുപടി.