തിരുവനന്തപുരം :കെഎസ്ആർടിസി (KSRTC) ബസുകൾ കഴുകി വൃത്തിയാക്കുന്നതിന് കരാർ ക്ഷണിച്ചു. പഴയ രീതിക്ക് പകരം ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ബസിന്‍റെ അകവും പുറവും കഴുകി വൃത്തിയാക്കുന്നതിനാണ് കരാർ ക്ഷണിച്ചിരിക്കുന്നത്. ബസുകൾ കഴുകുന്നതിനുള്ള സ്ഥലസൗകര്യവും വെള്ളവും കെഎസ്ആർടിസി തന്നെ നൽകും.
എന്നാൽ ഇതിനാവശ്യമായ ജീവനക്കാരെയും യന്ത്രങ്ങളും കരാർ കമ്പനി തന്നെ ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. സ്വിഫ്റ്റിന്‍റെ എ സി, ഇലക്ട്രിക്, ഹൈബ്രിഡ് ഉൾപ്പെടെ 395 ബസുകളാണ് എല്ലാ ദിവസവും ട്രിപ്പ് കഴിയുമ്പോൾ കഴുകി വൃത്തിയാക്കേണ്ടത്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ പ്രൊഫഷണൽ ഹോസ്‌പ്പിറ്റാലിറ്റി സർവീസസ് എന്ന സ്വകാര്യ കമ്പനിയാണ് ബസുകൾ വൃത്തിയാക്കിയിരുന്നത്.
ഏഴ് പേരടങ്ങുന്ന ടീമിനെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. തമ്പാനൂർ, കിഴക്കേക്കോട്ട, പേരൂർക്കട, കണിയാപുരം ഡിപ്പോകളിലായിരുന്നു ക്ലീനിങ് ടീമിൻ്റെ പ്രവർത്തനം. ഇത്തരത്തിലുള്ള സംവിധാനമാണ് കരാർ ക്ഷണിച്ച് സ്ഥിരമാക്കാൻ പോകുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ എ സി വോൾവോ ബസുകൾ വൃത്തിയാക്കുന്നതിന് 210 രൂപ, ഇലക്ട്രിക് ബസുകൾക്ക് 125 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. കരാറിനായി കൂടുതൽ കമ്പനികൾ സമീപിക്കുന്നതോടെ നിരക്ക് ഇനിയും കുറയുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം സ്വന്തമായി ബസ് വാഷിങ് മെഷീൻ സംവിധാനം വാങ്ങാനുള്ള തയാറെടുപ്പിലാണ് മാനേജ്മെന്‍റ്.
രണ്ടാഴ്‌ചക്കുള്ളിൽ ഇത് സജ്ജമാക്കുകയും തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ സജ്ജീകരിക്കുകയും ചെയ്യും. മാനേജ്മെന്‍റ് നിർദേശങ്ങൾ ഇങ്ങനെ: ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ബസ് വൃത്തിയാക്കണം. ഉൾഭാഗം വാക്വംക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം. ഉള്ളിലെ ദുർഗന്ധം അകറ്റാൻ ഷാംപൂ ഉപയോഗിച്ച് കഴുകണം.
ബസ് ജീവനക്കാരെയും യാത്രക്കാരെയും മര്‍ദിക്കാന്‍ ശ്രമം:തിരുവനന്തപുരം കേശവദാസപുരത്ത് സംഘം ചേര്‍ന്നെത്തിയ യുവാക്കള്‍ കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെയും യാത്രികരെയും മര്‍ദിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിൽ പരാതി നൽകി തിരുവല്ല അസിസ്റ്റന്‍റ് ട്രാൻസ്‌പോർട്ട് ഓഫിസർ. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മല്ലപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരുന്ന KL 15 A 1154 നമ്പർ ബസിലെ ജീവനക്കാരേയും യാത്രക്കാരെയുമാണ് യുവാക്കള്‍ ഭീഷണിപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ഒക്ടോബര്‍ 21 രാത്രിയിലായിരുന്നു സംഭവം.
കേശവദാസപുരത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ബസ് പുറപ്പെടുന്നതിന് മുന്‍പ് KL 01 S 3510 നമ്പർ ടൊയോട്ട ക്വാളിസ് വാഹനത്തിലെത്തിയ സംഘം കെഎസ്ആര്‍ടിസിക്ക് പോകാന്‍ സാധിക്കാത്ത രീതിയില്‍ മാര്‍ഗ തടസം സൃഷ്‌ടിച്ചു. തുടര്‍ന്ന് പട്ടം ജങ്ഷനില്‍ ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരെയും ജീവനക്കാരെയും മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
Read More :Attempt To Thrash KSRTC Staff And Passengers യുവാക്കള്‍ സംഘം ചേര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം; പരാതി നൽകി അസിസ്റ്റന്‍റ് ട്രാൻസ്‌പോർട്ട് ഓഫിസർ